കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപകർക്കുള്ള ഇൻറർവ്യൂ ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പാർട്ടിതലത്തിൽ ശിപാർശകൾ പ്രവഹിക്കുന്നതായി ആക്ഷേപം. സ്വയംഭരണസ്ഥാപനമായ സർവകലാശാലയിൽ ഇൻറർവ്യൂ നടക്കുേമ്പാൾ ചട്ടവിരുദ്ധമായി പാർട്ടി ഇടപെടലുണ്ടാകുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. സ്വാധീനമുള്ള പാർട്ടിയുടെ പ്രാദേശിക നേതൃത്വം ജില്ല കമ്മിറ്റികളിലെത്തി ശിപാർശക്ക് അരങ്ങൊരുക്കുന്നതായാണ് ആക്ഷേപം. പാർട്ടിയുടെ ശിപാർശയില്ലെങ്കിൽ ജോലി കിട്ടില്ലെന്ന പ്രചാരണവും ശക്തമാണ്. നിലവിൽ ജോലിചെയ്യുന്ന നിരവധി പേരാണ് ഇൻറർവ്യൂവിന് ഹാജരാകാനുള്ളത്. ഈ അധ്യാപകർ തങ്ങൾ അംഗങ്ങളായ സർവിസ് സംഘടനകളെയും സമീപിക്കുന്നുണ്ട്. പാർട്ടിതലത്തിലുള്ള ശിപാർശ മാത്രമേ പരിഗണിക്കൂവെന്നാണ് സംഘടനകൾ ഉദ്യോഗാർഥികളോട് പറയുന്നത്. പ്രഫസർ, അസി. പ്രഫസർ, അസോസിയേറ്റ് പ്രഫസർ എന്നീ തസ്തികകളിലേക്ക് 116 ഒഴിവുകളാണുള്ളത്.
സംവരണ ബാക്ലോഗ് നികത്താെതയും സംവരണസീറ്റുകൾ ഏതെന്ന് വെളിപ്പെടുത്താതെയുമാണ് നിയമനനടപടികൾ തുടരുന്നത്. സംവരണസീറ്റുകൾ നിയമനസമയത്ത് വെളിപ്പെടുത്തിയാൽ മതിയെന്ന് 2016ൽ ഹൈകോടതി വിധിയുണ്ടായിരുന്നു. ഈ വിധിയുെട അടിസ്ഥാനത്തിലാണ് സർവകലാശാല സംവരണം പരാമർശിക്കാതെ അധ്യാപക നിയമനത്തിെൻറ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. വിധിക്കെതിരെ ഉദ്യോഗാർഥികൾ നൽകിയ അപ്പീൽ ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സംവരണം വ്യക്തമായി കാണിക്കണമെന്നാണ് ആവശ്യം. നിലവിൽ 20 പേരെയാണ് പല തസ്തികകളിലേക്കും ഇൻറർവ്യൂവിന് വിളിച്ചത്.
ബാക്ലോഗ് നികത്താത്തതുമായി ബന്ധപ്പെട്ട കേസും ചൊവ്വാഴ്ച പരിഗണിക്കുന്നതിനിടെയാണ് അധ്യാപക ഇൻറർവ്യൂവിന് തുടക്കമാകുന്നത്. ചൊവ്വാഴ്ച കോടതിയുടെ തീരുമാനം അതിനിർണായകമാകും. സംവരണത്തിലെ ബാക്ലോഗ് നികത്തണമെന്ന് ഉത്തരവിട്ടാൽ നിയമനനടപടികൾ കൂടുതൽ സങ്കീർണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.