കിളിമാനൂർ: അമിതവേഗത്തിൽ മൂന്നു വാഹനങ്ങളെ ഇടിച്ചശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി. അപകടത്തിൽ മുൻവശത്തെ ടയർ തകർന്ന കാർ കിലോമീറ്ററുകൾ ഓടിയത് വീലിൽ. അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമടക്കം മൂന്നുപേർക്ക് പരിക്ക്. അപകടത്തിന് കാരണക്കാരായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കടയ്ക്കൽ ശ്രീനിലയത്തിൽ ആദർശ് (25), ആറ്റിങ്ങൽ കോരാണി വിളയിൽ വീട്ടിൽ നിതീഷ് (26) എന്നിവരെയാണ് കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകീട്ട് 4.15 ഓടെ സംസ്ഥാന പാതയിൽ കുറവൻകുഴിക്ക് സമീപത്താണ് ആദ്യം അപകടം. കടയ്ക്കലിൽനിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ആദർശും നിതീഷും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ, അമിത വേഗത്തിൽ ഒരു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു.
കിളിമാനൂർ ഊമൺപള്ളിക്കര സ്വദേശിയായ ഓട്ടോ ഡ്രൈവർ, യാത്രക്കാരി പാപ്പാല കാർത്തിക് ഭവനിൽ തുളസി (48) എന്നിവർക്ക് സാരമായി പരിക്കേറ്റു. ആദ്യം ഇടിച്ച കാറിലെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. കാറിന്റെ മുന്നിൽ വലതു വശത്തെ ടയർ പൊട്ടിയെങ്കിലും വാഹനം നിർത്തിയില്ല. അര കിലോമീറ്ററോളം വന്ന് ശില്പ ജങ്ഷനിൽനിന്ന് കടമ്പാട്ടുകോണം ആരൂർ വഴി പോങ്ങനാടെത്തി. ശില്പ ജങ്ഷനിൽ വച്ച് തന്നെ ടയർ പൂർണമായും ഇളകിയിരുന്നു.
മൂന്നു കിലോമീറ്ററോളം ദൂരം പിന്നിട്ടത് വീലിലാണ്. ഈ ദൂരമത്രയും റോഡിൽ വീൽ ഉരഞ്ഞ അടയാളമുണ്ട്. പോങ്ങനാട്ട് കാർ നാട്ടുകാർ തടഞ്ഞപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. അപകടസമയത്ത് വാഹനത്തിൽ രണ്ടു സ്ത്രീകളുണ്ടായിരുന്നെന്ന് നാട്ടുകാരും ഇല്ലെന്ന് പൊലീസും പറയുന്നു. കസ്റ്റഡിയിലെടുത്തവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.