എസ്.ഐ കെ. അനില്‍കുമാർ

ട്രാഫിക് എസ്‌.ഐ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; എസ്​.ഐ മദ്യപിച്ചിരുന്നതായി നാട്ടുകാർ

തിരുവനന്തപുരം: ട്രാഫിക് എസ്‌.ഐ ഓടിച്ച കാര്‍ വഴിയരികില്‍ പാര്‍ക്ക്​ ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. പട്ടത്ത് ഞായറാഴ്​ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സംഭവം അറിഞ്ഞെത്തിയ ​െപാലീസുകാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ ഉടനെ സംഭവസ്ഥലത്തുനിന്ന്​ നീക്കി.

ഇതിനിടെയാണ് കാര്‍ ഓടിച്ചത് ട്രാഫിക് എസ്‌.ഐ ആണെന്നറിഞ്ഞത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് പൊലീസ് സംഭവസ്ഥലത്തുനിന്നും നീക്കുകയായിരുന്നു. എസ്.ഐ മദ്യപിച്ചിരുന്നതായും അലക്ഷ്യമായി പാഞ്ഞുവന്ന കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരു​െന്നന്നും നാട്ടുകാര്‍ പറയുന്നു.

പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടം ഉണ്ടാക്കിയത്. അനില്‍കുമാര്‍ ഓടിച്ചിരുന്ന കാര്‍ പൊട്ടക്കുഴിഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടപോകുകയായിരുന്നു. ഇടിയില്‍ കാറിന്‍റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. ബൈക്കുകള്‍ക്കും കാര്യമായ കേടുപാടുണ്ടായി.

ഒരു ബൈക്കിന്‍റെ ടാങ്ക് പൊട്ടി റോഡില്‍ ഇന്ധനം ഒഴുകി. ഇതിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഈ സമയം ഇതുവഴി പോയ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവരും സംഭവം കണ്ട് അവിടെയിറങ്ങി.

കാറിന്‍റെ പിന്‍സീറ്റില്‍ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്‌നം ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍, ചിലര്‍ മൊബൈല്‍ ഫോണില്‍ സംഭവത്തിന്‍റെയും എസ്.ഐയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് എസ്.ഐയുടെ ചിത്രം പകര്‍ത്തിയതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഇവിടെനിന്ന് നീക്കുകയുമായിരുന്നു, അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വൈദ്യ പരിശോധനയില്‍ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. അനില്‍കുമാറിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.

Tags:    
News Summary - Car driven by Traffic SI crashed; The locals said that SI was drunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.