കൊച്ചിയിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായ നിധിൻ, വിവേക്, സുധീപ്, ഡിംപിൾ ലാമ്പ എന്നിവർ

കൊച്ചിയിൽ കാറിലെ കൂട്ടബലാത്സംഗം: പ്രതികൾ അറസ്റ്റിൽ

കൊച്ചി: നഗരത്തിൽ 19കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ രാംവാല രഘുവ സ്വദേശി ഡിമ്പിള്‍ ലാമ്പ (ഡോളി -21), കൊടുങ്ങല്ലൂര്‍ പരാരത്ത് വീട്ടില്‍ വിവേക് (26), കൊടുങ്ങല്ലൂര്‍ മേത്തല കുഴിക്കാട്ടു വീട്ടില്‍ നിധിന്‍ (35), കൊടുങ്ങല്ലൂര്‍ കാവില്‍കടവ് തായ്ത്തറ വീട്ടില്‍ ടി.ആര്‍. സുദീപ് (34) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്യലിനും തെളിവ് ശേഖരിക്കലിനുമൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ സുഹൃത്ത് ഡോളിയെ ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. കാസര്‍കോട് സ്വദേശിനിയായ മോഡൽ ഡാൻസ് ബാറിൽ ഡോളിക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ തളർന്നുവീഴുകയായിരുന്നു. താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് മൂന്ന് പ്രതികളും ചേർന്ന് ഇവരെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി. പ്രതി വിവേക് ഡിമ്പിളിന്‍റെ സുഹൃത്താണ്. ഇയാളുടെ സുഹൃത്തുക്കളാണ് നിധിനും സുധീപും.

ഇവർക്കൊപ്പം മദ്യപാനത്തിനിടെ ശാരീരിക അവശത നേരിട്ട മോഡലിനെ പറഞ്ഞുവിട്ടശേഷം ബാറിൽവെച്ച് പരിചയപ്പെട്ടയാളുടെ പാർട്ടിയിൽ പങ്കെടുക്കാൻ നിന്നുവെന്നാണ് ഡിമ്പിൾ പൊലീസിന് മൊഴി നൽകിയത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍വെച്ച് മുക്കാൽ മണിക്കൂറിനിടെ മാറി മാറി ബലാത്സംഗം ചെയ്തു. തുടർന്ന് താമസസ്ഥലമായ കാക്കനാട് ഇറക്കിവിട്ടു.

വിവരം യുവതി വെള്ളിയാഴ്ച മറ്റൊരു സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചികിത്സതേടുകയും തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരിശോധനയിൽ യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി.

യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾ കൊടുങ്ങല്ലൂര്‍ സ്വദേശികളാണെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ഡിമ്പിള്‍ ക്ഷണിച്ചത് അനുസരിച്ചാണ് ബാറിലെത്തിയതെന്നും യുവാക്കളെ മുന്‍ പരിചയമില്ലെന്നുമാണ് യുവതിയുടെ മൊഴി. വിവേകിന്‍റെ ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രാഥമിക പരിശോധനയിൽ ഇരയിലും പ്രതികളിലും ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. വിശദമായ പരിശോധന നടത്തുമെന്ന് സൗത്ത് സി.ഐ അറിയിച്ചു. 

ഗൂഢാലോചന പരിശോധിക്കും -കമീഷണർ

കൊച്ചി: കൂട്ടബലാത്സംഗത്തിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്ന് കൊച്ചി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു. ബിയറിൽ പൊടികലർത്തി നൽകിയെന്ന മൊഴി സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും കമീഷണര്‍ പറഞ്ഞു.

Tags:    
News Summary - car gang-rape in Kochi: Arrest of the accused recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.