തിരൂർ: പുറമണ്ണൂർ മജ്‌ലിസ് കോളജ് ഡേയിൽ കാമ്പസിനകത്ത് ആഢംബര കാറുകൾ അപകടകരമായ രീതിയിൽ ഓടിച്ച വിദ്യാർഥികൾക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കോളജ് ഡേ ആഘോഷത്തിന് മാറ്റ് കൂട്ടാൻ വിദ്യാർഥികൾ കാമ്പസിനുള്ളിലെ റോഡിൽ 13 ആഡംബര കാറുകളിൽ റേസിങ് നടത്തി ഭീകരന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് അധികൃതർ കാമ്പസ് പ്രവേശനകവാടം അടച്ചു. തുടർന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒക്ക് വിവരം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ, അസയ്നാർ, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ സലീഷ്, മനോഹരൻ, കരീം ചാലിൽ, ജെസ്സി എന്നിവരുടെ നേതൃത്വത്തിലുള്ള തിരൂർ, തിരൂരങ്ങാടി എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തി.
പരിശോധനയിൽ 13 വിദ്യാർഥികൾക്കെതിരെയും വാഹന ഉടമസ്ഥർക്കെതിരെയും അനുമതി ഇല്ലാതെ കോളജിനകത്ത് കാർ ഓടിച്ചതിനും അപകടകരമാംവിധം വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുത്തു.
1,20,000 രൂപ പിഴയടക്കാൻ നോട്ടീസ് നൽകി. റേസിങ്ങിന് ഉപയോഗിച്ച പല ആഢംബര വാഹനങ്ങളും വാടകക്ക് എടുത്തിട്ടുള്ളവയാണ്. ഇത്തരത്തിൽ നിയമവിരുദ്ധമായി വാഹനങ്ങൾ ദിവസ വാടകക്ക് നൽകിയവർക്കെതിരെയും നിയമനടപടി ഉണ്ടാവും. കോളജ്, സ്കൂൾ കാമ്പസുകളിൽ ഇത്തരത്തിൽ റേസിങ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മന്റ് ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.