കൊച്ചി: സിറോ മലബാർ സഭ അതിരൂപതകളിൽ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ തുടരുന്നതിനിടെ, ഏകീകൃത ആരാധനക്രമം പിന്തുടരണമെന്ന് നിർദേശിച്ച് സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീണ്ടും സർക്കുലർ പുറത്തിറക്കി.
ആർച്ച് ബിഷപ്പുമാർക്കും ബിഷപ്പുമാർക്കുമായാണ് കത്ത്. ഏകീകരണ വിഷയത്തിൽ സഭയെ എതിർത്ത് നിലവിലെ രീതിയിൽ കുർബാന തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ആർച്ച് ബിഷപ് മാർ ആൻറണി കരിയിലിനും ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേകം കത്തെഴുതിയതായി ആലഞ്ചേരി വ്യക്തമാക്കുന്നു.
കുർബാന ഏകീകരണ വിഷയത്തിൽ ബുദ്ധിമുട്ട് നേരിടുന്നത് എറണാകുളം അതിരൂപതയിൽനിന്ന് മാത്രമാണ്. ഈ വിഷയത്തിൽ അതിരൂപതയിലെത്തുന്ന ബിഷപ്പുമാർക്കെല്ലാം ഏകീകൃത കുർബാന അർപ്പണത്തിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആൻറണി കരിയിലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇനി പോകുന്ന ഇടങ്ങളിലെല്ലാം ഏകീകൃത ആരാധനക്രമം പിന്തുടരണമെന്ന് ബിഷപ്പുമാർക്ക് ആലഞ്ചേരി നിർദേശം നൽകി. സിനഡ് തീരുമാനങ്ങൾ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഇതിനിടെ, സഭയിൽ കുർബാന ഏകീകരണം നടപ്പായിവരുകയാണെന്നും ഇതുസംബന്ധിച്ച ബുദ്ധിമുട്ടുകളെല്ലാം ചർച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കെ.സി.ബി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.