തിരുവനന്തപുരം: ‘‘അങ്കലാപ്പോടെ പ്ലാറ്റ്ഫോമിൽ അലഞ്ഞുതിരിയുന്നത് കണ്ടപ്പോഴാണ് ഞങ്ങൾ അവരെ ശ്രദ്ധിച്ചത്’’-വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ രണ്ട് ആൺകുട്ടികളെ രക്ഷപ്പെടുത്തിയ കാര്യം വിവരിക്കുകയാണ് ചൈൽഡ് ലൈൻ പ്രവർത്തകയായ താഹിറ ബീഗം. പതുക്കെ അടുത്തെത്തി ഊരും പേരും ചോദിച്ചു. മറുപടി പറയാൻ പേടിയായിരുന്നു. വാത്സല്യത്തോടെ ചേർത്തുപിടിച്ചപ്പോൾ ഇരുവരും കരയാൻ തുടങ്ങി. ചായയും ഭക്ഷണവും വാങ്ങി നൽകി. പതുക്കെ അവർ കഥകൾ പറയാൻ തുടങ്ങി.
ആലുവയിലെ മിഠായി കമ്പനിയിൽനിന്ന് രക്ഷപ്പെട്ടുവന്നതാണ്. ശരീരത്തിലെ പല മുറിപ്പാടുകളും കാണിച്ചു. പിന്നീട്, സ്റ്റേഷൻ അധികാരികളും റെയിൽേവ പൊലീസും ചോദിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൂടുതൽ കഥ അറിഞ്ഞത്.
ആ മിഠായി കമ്പനിയിൽ ഇനിയുമേറെ കുട്ടികളുണ്ട്. നേരെ ആലുവ പൊലീസിനെ വിവരമറിയിച്ചു. അവർ കമ്പനിയിൽനിന്ന് 18 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
റെയിൽേവ ഹെൽപ് ഡെസ്ക് വഴി 1800 കുട്ടികളെ രക്ഷിക്കാനും സ്വന്തം വീടുകളിൽ സുരക്ഷിതരായി തിരിച്ചെത്തിക്കാനും ചൈൽഡ് ലൈൻ സഹായിച്ചെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള ഫാ. സജി പറയുന്നു. നാല് റെയിൽവെ ഹെൽപ് ഡെസ്കുകളാണ് കേരളത്തിലുള്ളത്. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവയാണ് മറ്റുള്ളവ.
റെയിൽേവ ഹെൽപ് ഡെസ്കടക്കം കേരളത്തിലെ എല്ലാ ചൈൽഡ് ലൈൻ സെന്ററുകളും ചേർന്ന് 19000 ലധികം കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭിക്ഷാടന മാഫിയയിൽനിന്നും മോഷ്ടാക്കളുടെ സംഘത്തിൽനിന്നും ലൈംഗിക അതിക്രമികളിൽനിന്നുമൊക്കെയാണ് ഇവരെ രക്ഷിച്ചത്.
വീട്ടിലെ അതിക്രമം സഹിക്കാൻ കഴിയാതെയോ വീട്ടുകാരോടു പിണങ്ങിയോ വീടുവിട്ടിറങ്ങിയവർ, ഇടനിലക്കാർ വഴി ബാലവേലക്കായി കടത്തിയവർ, ലൈംഗികാതിക്രമം താങ്ങാനാകാതെ രക്ഷപ്പെട്ടുവരുന്നവർ എന്നിവരും ഇതിൽപെടും. കൗൺസലിങ് നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും. മാസങ്ങൾ നീണ്ട തുടരന്വേഷണങ്ങൾ നടത്തി മാതാപിതാക്കളെ ഏൽപ്പിക്കും. വീട് സുരക്ഷിതമല്ലെങ്കിൽ മറ്റു സർക്കാർ സൗകര്യങ്ങളിലേക്ക് മാറ്റും. ഇതാണ് രീതി.
ജൂലൈ 31ന് ചൈൽഡ് ലൈൻ പ്രവർത്തനം അവസാനിക്കും. ആഗസ്റ്റ് ഒന്ന് മുതൽ മിഷൻ വാത്സല്യ എന്ന പേരിലാണ് അറിയപ്പെടുക. 1098 എന്ന നമ്പർ ഇനിയുണ്ടാകില്ല. പകരം 112 എന്ന നമ്പർ വരും. സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഈ നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.