പാലക്കാട്: ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസയുടെ (ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) നോട്ടീസ്. ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾക്കായി ശബ്ദിക്കാനും പൊരുതാനും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള നോട്ടീസാണ് പാലക്കാട്ട് കഴിഞ്ഞ ദിവസം വിതരണം ചെയ്യപ്പെട്ടത്.
അബ്ദുൽ നാസർ മഅ്ദനിക്കുവേണ്ടിയും വഖഫ് നിയമഭേദഗതിക്കെതിരായും പാസായതുപോലെ ഏകകണ്ഠമായി ഒരു പ്രമേയവും നിയമസഭയിൽ പാസാകാൻ ഇടവരരുതെന്നും ക്രിസ്ത്യൻ സമൂഹം ഇക്കുറി യാഥാർഥ്യം തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തണമെന്നുമുള്ള നോട്ടീസാണ് പ്രചരിക്കുന്നത്.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് പരിസമാപ്തിയായി. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ അണിനിരന്ന വമ്പൻ റോഡ് ഷോയിൽ പാലക്കാട് നഗരം ജനസാഗരമായി. ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിച്ചത്.
യു.ഡി.എഫിന്‍റെ രാഹുൽ മാങ്കൂട്ടത്തിൽ, എൽ.ഡി.എഫിന്‍റെ പി. സരിൻ, ബി.ജെ.പിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർഥികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും ബി.ജെ.പി വിട്ട സന്ദീപ് വാര്യരും രമേശ് പിഷാരടിയും പ്രചാരണത്തിനെത്തി. ട്രോളി ബാഗുമായാണ് രാഹുലും പ്രവർത്തകരും കൊട്ടിക്കലാശത്തിനെത്തിയത്. പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ റോഡ് ഷോക്കെത്തി.
ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്. കൃഷ്ണകുമാറിന് വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും കൃഷ്ണദാസും ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെളളാപ്പള്ളിയും കളത്തിലിറങ്ങി.
ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും. നേരത്തെ ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് പിന്നീട് കൽപ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ 20ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.