പത്തനംതിട്ട: ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്ന തരത്തിലുള്ള സെല്‍ഫി വിഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ല സൈബര്‍ പൊലീസ് സ്റ്റേഷനില്‍ സ്വമേധയായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ് എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.
സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇരുമുടിക്കെട്ടുമായി നില്ക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പതിനെട്ടാംപടിക്ക് സമീപം സെല്‍ഫി വിഡിയോ ചിത്രീകരിച്ചതരത്തില്‍ വ്യാജമായി നിര്‍മിച്ച വിഡിയോയാണ് ഇയാള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.
തുടര്‍ന്ന്, മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളില്‍ മുറിവുളവാക്കി സമൂഹത്തില്‍ ലഹള സൃഷ്ടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചതിനും ബന്ധപ്പെട്ട വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പും ചേര്‍ത്താണ് കേസെടുത്തത്. സംഭവത്തെപ്പറ്റി വിശദ അന്വേഷണം നടന്നുവരുകയാണെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.