തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ ‘ശാസ്ത്ര-മിത്ത്’ പരാമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ പൊലീസ് സ്വമേധയാ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. എൻ.എസ്.എസ് വൈസ് പ്രസിഡന്‍റും താലൂക്ക് യൂനിയന്‍ പ്രസിഡന്റുമായ സംഗീത് കുമാറാണ് കന്‍റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ കോടതിയെ സമീപിച്ചത്.
കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ച് പതിനെട്ടാമത്തെ ഇനമായാണ് ഹരജിയിൽ വാദം കേൾക്കുക. വിലക്ക് ലംഘിച്ച് ജാഥ നടത്തി, ഗതാഗതം സ്തംഭിപ്പിച്ചു, അനുമതിയില്ലാതെ വാഹനങ്ങളില്‍ മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്.
സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് കേസ്. ഈ മാസം രണ്ടിനായിരുന്നു നാമജപയാത്ര എന്ന പേരിൽ എൻ.എസ്.എസ് പ്രതിഷേധ പ്രകടനം നടത്തിയത്.
അതേസമയം, വിഷയത്തിൽ ആർ.എസ്.എസ് ഉൾപ്പെടെ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുമായി സംഘ്പരിവാർ നേതാക്കൾ പെരുന്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന ആര്.എസ്.എസ് പ്രചാരകന് എസ്. സേതുമാധവന്, വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, അയ്യപ്പ സേവാസമാജം നേതാവ് എസ്.ജെ.ആര്. കുമാർ എന്നിവരാണ് ചർച്ചക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.