ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ട എൻ.ഐ.ടി അധ്യാപികക്കെതിരെ കേസ്

കോഴിക്കോട്: ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെയെ രക്തസാക്ഷി ദിനത്തിൽ പുകഴ്ത്തി ഫേസ്ബുക്ക് കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രഫസർക്കെതിരെ കേസ്. ‘ഗോദ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നാണ് പ്രഫസർ ഷൈജ ആണ്ടവൻ കമന്റിട്ടത്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ടി.എം. അശ്വിൻ കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ കാമ്പസിൽ അതിരുവിട്ട് ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദലിത് വിദ്യാർഥിയെ ഒരുവർഷത്തേക്ക് എൻ.ഐ.ടി അധികൃതർ സസ്​പെൻഡ് ചെയ്തത് വിവാദമാവുകയും വിമർശനമുയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫസർ ഷൈജ ആണ്ടവന്റെ ഗോദ്സെയെ പുകഴ്ത്തുന്ന കമന്റും ചർച്ചയായത്. ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോദ്സെ, ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ പോസ്റ്റ്ചെയ്ത ഗോദ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്.

സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജും നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതാണ് അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയിട്ട കമന്റ് രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതാണെന്നും കേസെടുക്കണ​മെന്നുമാണ് ആവശ്യം. പ്രഫസർക്കെതിരെ നടപടിയാവശ്യപ്പെട്ട് എം.​കെ. രാഘവൻ എം.പി എൻ.ഐ.ടി ഡയറക്ടർക്കും പരാതി നൽകി. ഷൈജ ആണ്ടവനെ എൻ.ഐ.ടിയിൽനിന്ന് പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി. ഷൈജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Case against NIT teacher who commented in praise of Godse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.