തിരുവനന്തപുരം: പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ചിനെതിരെ കേസ്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ഒന്നാം പ്രതിയായാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 700 ഒാളം പേരും പ്രതികളാണ്.
വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുല്ലൂരിൽ വെച്ചാണ് പൊലീസ് തടഞ്ഞത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ചിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായാൽ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.
വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തുന്ന സമരം അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. അക്രമം ചെറുക്കാന്‍ പ്രദേശവാസികള്‍ക്കൊപ്പം ദേശീയ പ്രസ്ഥാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചത്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സംഭവങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, സുരക്ഷാക്രമീകരണം, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷൽ ഓഫിസർ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.ആർ. നിശാന്തിനി എന്നിവരുൾപ്പെട്ട പ്രത്യേകസംഘം കഴിഞ്ഞ ദിവസം വിഴിഞ്ഞം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.