കണ്ണൂർ: നഗരത്തിലെ ജ്വല്ലറിയിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന അക്കൗണ്ടന്റ് ചിറക്കലിലെ കെ. സിന്ധു (46) പൊലീസിന് മുന്നിൽ ഹാജരായി. സിന്ധുവിനെ മൂന്നു ദിവസം ചോദ്യം ചെയ്യും.
ഈ മാസം 19ന് ഹൈകോടതി കേസ് പരിഗണിക്കും. തിങ്കളാഴ്ച രാവിലെ സഹോദരന്റെ കൂടെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.എ. ബിനുമോഹന് മുമ്പാകെ കീഴടങ്ങിയത്. 2004 മുതല്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇവർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 7.55 കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും മാറ്റിയെന്നാണ് പരാതി.
ജൂലൈ മൂന്നിനാണ് ജ്വല്ലറി മാനേജിങ് പാര്‍ട്ണര്‍ സി.വി. രവീന്ദ്രനാഥിന്റെ പരാതിയില്‍ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന കെ. സിന്ധുവിനെ പ്രതി ചേര്‍ത്ത് ടൗണ്‍ പൊലിസ് കേസെടുത്തത്. മാനേജ്മെന്റ് ചുമതലയില്‍ പുതിയ ആളുകള്‍ എത്തിയതിനെ തുടര്‍ന്ന് ഇവരുടെ സംശാസ്പദമായ ഇടപെടലുകളെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് സിന്ധു ഒളിവിൽ പോവുകയായിരുന്നു.
ചിറക്കലിലെ ഇവരുടെ വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. കണക്കുകളില്‍ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാന്‍ മാനേജ്മെന്റ് നിയമിച്ച ഓഡിറ്ററെ ഉള്‍പ്പെടെ സിന്ധു ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.