തിരുവനന്തപുരം: മതിയായ യാത്രാരേഖകൾ ഇല്ലാതെ തലസ്ഥാനത്തെത്തിയ ശ്രീലങ്കൻസ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീലങ്കയിലെ ഗംബക വെലിവേരിയ വി.വി റോഡിൽ മലൂഖ് ജൂത്ത് ഷെൽഡൻ ഡയസിനെയാണ് (30) ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മനോനിലയിൽ തകരാറുണ്ടെന്ന് സംശയിക്കുന്ന മലൂഖിൽനിന്ന് സംശയിക്കത്തക്കതായി ഒരും വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇയാൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുവേണ്ടിയാണ് കേരളത്തിലെത്തിയതെന്നാണ് പറയുന്നത്. ശ്രീലങ്കൻ സ്ഫോടനത്തിെൻറ പശ്ചാത്തലത്തിൽ ഇയാൾ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കാൻ ശ്രീലങ്കൻ എംബസിക്ക് കത്ത് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചിലർ പരിശീലനത്തിനായി കേരളത്തിലും എത്തിയിരുന്നതായുള്ള ശ്രീലങ്കൻ കരസേനാമേധാവിയുടെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിലും കേരളത്തിലും ഇത്തരം ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ടിെൻറ പിന്നാലെയുമാണ് ശനിയാഴ്ച തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പരിസരത്തുനിന്ന് ഇയാൾ പിടിയിലാകുന്നത്. സിംഹളയിൽ ഫോണിൽ സംസാരിക്കുന്നതുകേട്ട യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.
വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വഴി പുറത്തേെക്കത്തിയതാണെന്നും വിമാനത്താവളത്തിലെ ജീവനക്കാരെൻറ പക്കൽ യാത്രാരേഖകളുണ്ടെന്നുമായിരുന്നു മലൂഖ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, വിമാനത്താവളത്തിലെത്തി ജീവനക്കാരെ ചോദ്യംചെയ്തപ്പോൾ രേഖകളൊന്നും ഏൽപിച്ചിട്ടില്ലെന്ന് വ്യക്തമായി. നാഗർകോവിലിൽനിന്ന് വർക്കലയിലേക്കുള്ള ട്രെയിൻ ടിക്കറ്റും കുറച്ച് പണവും വസ്ത്രങ്ങളുമായിരുന്നു കൈവശമുണ്ടായിരുന്നത്. ബോട്ട് മാർഗം തമിഴ്നാട്ടിൽ എത്തിയശേഷം അവിടെനിന്ന് വർക്കലയിലേക്ക് പോകവെ സ്റ്റേഷൻ മാറി തിരുവനന്തപുരത്ത് ഇറങ്ങിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
സിംഹളമാത്രം അറിയാവുന്ന മലൂഖിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇന്നലെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇയാളെ ഇന്നലെ നാഗർകോവിലിലും എത്തിച്ച് തെളിവെടുത്തു. എംബസിയുടെ അന്വേഷണത്തിൽ പ്രശ്നമൊന്നുമില്ലെങ്കിൽ നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് മലൂഖിനെ എംബസി മുഖാന്തരം തിരികെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.