ഗുരുവായൂർ: ക്ഷേത്രപ്രവേശന വിളംബരത്തിെൻറ 82ാം വാർഷികാഘോഷത്തിലും ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യ രംഗത്ത് ജാതിഭ്രഷ്ട്. നായർ സമുദായത്തേക്കാൾ ഉയർന്ന ജാതിക്കാർക്ക് മാത്രമാണ് ക്ഷേത്രത്തിൽ വാദ്യത്തിന് അവസരം. അടിയന്തര പ്രവൃത്തിക്കാർ എന്ന പേരിൽ ക്ഷേത്രത്തിലെ നിത്യചടങ്ങുകൾക്ക് വാദ്യവിദഗ്ധരെ നിയമിക്കുന്നതും വിശേഷാവസരങ്ങളിൽ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകക്കുമെല്ലാം കലാകാരന്മാരെ കൊണ്ടുവരുന്നതും ഈ ജാതി നോക്കിയാണ്. നായർ മുതൽ താഴോട്ടുള്ള ഹൈന്ദവ വിഭാഗത്തിൽപ്പെട്ടവർക്കൊന്നും ക്ഷേത്രത്തിനകത്തെ വാദ്യങ്ങളിൽ പങ്കെടുക്കാനാവില്ല. അതേ സമയം പഞ്ചവാദ്യത്തിൽ മദ്ദളം, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയിൽ നായന്മാർക്ക് പങ്കെടുക്കാം. മറ്റ് വാദ്യങ്ങളിൽ അവരും പുറത്താണ്.
വാദ്യരംഗത്തെ ജാതിവിലക്കിനെതിരെ സമരങ്ങൾ നടന്നിരുന്നു. 2014ൽ ഇലത്താളം കലാകാരൻ കല്ലൂർ ബാബുവിനെ ജാതിയുടെ പേരിൽ പഞ്ചവാദ്യത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ആ വർഷം ഉത്സവത്തിലെ മേളത്തിലും തായമ്പകയിലും പങ്കെടുക്കാൻ വാദ്യകലാകാരന്മാരായ കലാമണ്ഡലം രാജൻ, ചൊവ്വല്ലൂർ മോഹനൻ, ഇരിങ്ങപ്പുറം ബാബു, ചൊവ്വല്ലൂർ ഗംഗാധരൻ, ചൊവ്വല്ലൂർ സുനിൽ, കലാനിലയം കമൽനാഥ്, കെ. ശ്യാമളൻ, ടി. കേശവദാസ്, കലാമണ്ഡലം രതീഷ്, കലാനിലയം സനീഷ്, കലാനിലയം അജീഷ് എന്നിവർ അപേക്ഷ നൽകി. ആർക്കും അവസരം നൽകിയില്ല. വാദ്യകലാസംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി ദേവസ്വത്തോട് കാരണം ആരാഞ്ഞപ്പോൾ ആരെ പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ്കമ്മിറ്റി തീരുമാനമാണെന്നായിരുന്നു മറുപടി. തീരുമാനത്തിന് രേഖ ആവശ്യപ്പെട്ടപ്പോൾ രേഖപ്പെടുത്താറില്ലെന്നായിരുന്നു മറുപടി. എന്നാൽ വാദ്യത്തിന് ആളുകളെ നിയമിക്കുമ്പോൾ സാമുദായിക പരിഗണന വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് മറുപടിയിൽ സമ്മതിച്ചു. 2015ൽ വാദ്യകലാസംരക്ഷണ സംഘം പ്രസിഡൻറ് പൂങ്ങാട് മാധവൻ നമ്പൂതിരിയും സെക്രട്ടറി ഇരിങ്ങപ്പുറം ബാബുവും വീണ്ടും അപേക്ഷ നൽകിയപ്പോഴും ദേവസ്വം മൗനം തുടർന്നു.
1987ൽ ഭൂമാനന്ദ തീർഥയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ തുടർന്ന് പട്ടിക ജാതിക്കാർക്ക് ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് ഒരു ദിവസം അനുമതി ലഭിച്ചതിെൻറ രജത ജൂബിലിയുടെ ഭാഗമായി ക്ഷേത്രത്തിനകത്ത് പഞ്ചവാദ്യത്തിന് അനുമതി നൽകണമെന്ന് വ്യാസ ക്ഷേത്ര കലാസമിതി പ്രസിഡൻറ് ടി.എ. കുഞ്ഞനും സെക്രട്ടറി കെ.എ. സുബ്രഹ്മണ്യനും നൽകിയ അപേക്ഷയും ദേവസ്വം അവഗണിച്ചു.
പരാതി ലഭിച്ചിട്ടില്ല –ദേവസ്വം ചെയർമാൻ
ഗുരുവായൂർ: ജാതിയുടെ പേരിൽ ക്ഷേത്രത്തിൽ നിലനിൽക്കുന്ന വാദ്യ വിവേചനത്തെ കുറിച്ച് ‘ പരാതികളൊന്നും ലഭിച്ചിട്ടില്ല’ എന്നായിരുന്നു ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിെൻറ മറുപടി. എന്നാൽ ദേവസ്വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഇരിങ്ങപ്പുറം ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.