ബേപ്പൂർ: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ കേന്ദ്ര സർക്കാർ പകുതിയായി കുറച്ചത് മത്സ്യബന്ധന മേഖലക്ക് ഇരുട്ടടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം പകുതിയോളം കുറച്ചതിനു പിന്നാലെയാണ് തുടർച്ചയായി വീണ്ടും കേരളത്തിന്റെ വിഹിതത്തിൽ കുറവ് വരുത്തിയത്. പരമ്പരാഗത മത്സ്യബന്ധന മേഖലക്കാണ് ഇതേറ്റവും വലിയ തിരിച്ചടിയായത്.
പൊതുവിതരണ സമ്പ്രദായം വഴി മത്സ്യബന്ധന മേഖലയിൽ വിതരണം ചെയ്യാൻ ലഭിച്ചിരുന്ന 21.60 ലക്ഷം ലിറ്ററിൽനിന്ന് 12.96 ലക്ഷം ലിറ്ററാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തേക്കുള്ള വിഹിതമായി കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കുക. മണ്ണെണ്ണ ഇന്ധനമാക്കിയുള്ള ഔട്ട്ബോഡ് എൻജിനുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ ആയിരക്കണക്കിനു തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ ലക്ഷക്കണക്കിനുപേർക്ക് പുതിയ തീരുമാനം പ്രഹരമായി.
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിൽ പെർമിറ്റുള്ള 14,332 ഔട്ട്ബോഡ് എൻജിനുകൾക്ക്, കഴിഞ്ഞ വർഷം മൂന്നു മാസത്തോളമാണ് മണ്ണെണ്ണ വിതരണം ചെയ്യാനായത്. അതുതന്നെ മുഴുവൻ വിഹിതവും നൽകാനായില്ല. വിഹിതം വീണ്ടും കുറച്ചതോടെ ഉയർന്ന വിലക്ക് മണ്ണെണ്ണ പുറംവിപണിയിൽനിന്നു കണ്ടെത്തുകയോ മത്സ്യബന്ധനം ഒഴിവാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാകും.
കടലോര മേഖലയിൽ മീൻപിടിത്തമാണ് ഉപജീവനമാർഗം. എങ്കിലും പലരുമിപ്പോൾ കടലിൽ പോയിട്ട് നാളേറെയായി. മത്സ്യബന്ധനത്തെ ആശ്രയിച്ച് കഴിഞ്ഞ നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. മാസം തോറും ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റർ മണ്ണെണ്ണയെങ്കിലും വേണമെന്നാണ് കണക്ക്.
തീവിലയ്ക്ക് കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങി വള്ളം കടലിലിറക്കിയിട്ട്, മത്സ്യലഭ്യതയുടെ കുറവ് കാരണം നഷ്ടത്തിൽ കലാശിക്കുന്നു. ഇന്ധനം വാങ്ങിയ ഇനത്തിൽ സിവിൽ സപ്ലൈസും മത്സ്യഫെഡും നൽകേണ്ട സബ്സിഡി തുകയുടെ കുടിശ്ശിക ലഭിക്കാത്തത് പരമ്പരാഗത മത്സ്യബന്ധന മേഖലയിലുള്ളവർക്ക് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്.
മണ്ണെണ്ണയുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് വിഹിതം വെട്ടിക്കുറച്ച നടപടിയെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.