തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്റെ അപ്രീതിക്ക് പാത്രമായ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി ഗവർണർ ഭരണഘടന പരമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ബില്ലിൽ ഒപ്പിടാതെ ഗവർണർക്ക് അധികനാൾ പോകാനാവില്ല. ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യു.ജി.സി ചട്ടമില്ല. ചില സംസ്ഥാനങ്ങളിൽ ഗവർണർക്ക് ചാൻസലർ പദവിയില്ല. ആ നിലക്ക് ചാൻസലർ പദവി ഗവർണർക്ക് ലഭിച്ച ആനുകൂല്യം മാത്രമാണെന്നും ഗോവിന്ദൻ ഓർമിപ്പിച്ചു.
ഗവർണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന ചട്ടങ്ങളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വിമർശിച്ചു. ചാൻസലർ എന്ന നിലയിൽ ഗവർണർ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങൾ അല്ല ഭരണഘടന ചട്ടങ്ങൾ. ആർ.എസ്.എസിന്റെയും ബി.ജെ.പിയും തീരുമാനങ്ങളാണ് ഗവർണർ എടുത്തു കൊണ്ടിരിക്കുന്നത്. ഗവർണറുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.ഗവർണർ ചില മാധ്യമങ്ങളെ മാറ്റി നിർത്തിയ നടപടിയെയും ഗോവിന്ദൻ വിമർശിച്ചു. പരിപാടിയിൽ പങ്കെടുത്തത് വഴി ഫാഷിസ്റ്റ് നിലപാടിന് നിന്നുകൊടുത്ത മാധ്യമങ്ങൾ ആലോചിച്ച് തീരുമാനം എടുക്കേണ്ടിയിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്.
രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ബോധപൂർവ പരാമർശമാണ് ധനമന്ത്രി നടത്തിയതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്‍റെ സമ്മതി തുടരാൻ കഴിയില്ല. തന്‍റെ സമ്മതി പിൻവലിച്ച വിവരം മുഖ്യമന്ത്രിയെ അറിയിക്കുകയാണെന്നും ഇത് മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കണമെന്നും ഭരണഘടനപ്രകാരം നടപടി എടുക്കണമെന്നും ഗവർണർ കത്തിൽ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.