ഉള്ള്യേരി: സർക്കാർ സ്കൂളിലെ അധ്യാപകരുടെ അന്തർജില്ല സ്ഥലം മാറ്റ അനുപാതത്തിൽ മാറ്റം. പ്രൈമറി, ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അനുപാതം നിലവിലെ 10 ശതമാനം എന്നത് പ്രൈമറി സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും ഹൈസ്കൂൾ അധ്യാപകർക്ക് 15 ശതമാനവുമാക്കി. ഭാഷാ അധ്യാപകരുടെയും സ്പെഷലിസ്റ്റ് അധ്യാപകരുടെയും അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള അനുപാതം 20 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രീ പ്രൈമറി വിഭാഗത്തിൽ നേരിട്ടുള്ള നിയമനം 90 ശതമാനവും അന്തർജില്ലാ സ്ഥലംമാറ്റം 10 ശതമാനവും ആയിരിക്കും. പ്രൈമറി വിഭാഗത്തിൽ നേരിട്ടുള്ള നിയമനം 75 ശതമാനവും അന്തർജില്ല സ്ഥലംമാറ്റം 20 ശതമാനവും തസ്തിക മാറ്റം അഞ്ച് ശതമാനവും ആയിരിക്കും.
ഹൈസ്കൂൾ വിഭാഗത്തിൽ നേരിട്ടുള്ള നിയമനം 55 ശതമാനവും അന്തർ ജില്ലാ സ്ഥലംമാറ്റം 15 ശതമാനവും പ്രൈമറി ടീച്ചർ പ്രമോഷൻ 15 ശതമാനവും തസ്തികമാറ്റ നിയമനം 10 ശതമാനവും ആശ്രിത നിയമനം അഞ്ച് ശതമാനവും ആയിരിക്കും. ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചർ വിഭാഗത്തിൽ നേരിട്ടുള്ള നിയമനം 45 ശതമാനം, അന്തർജില്ല സ്ഥലംമാറ്റം 20 ശതമാനം, പാർട്ട് ടൈം അധ്യാപക പ്രമോഷൻ 30 ശതമാനം, മിനിസ്റ്റീരിയൽ സ്റ്റാഫിൽനിന്നുള്ള തസ്തിക മാറ്റം അഞ്ച് ശതമാനം എന്നിങ്ങനെ ആയിരിക്കും.
പാർടൈം ലോവർ ഗ്രേഡ് ലാംഗ്വേജ് ടീച്ചർക്കും സ്പെഷലിസ്റ്റ് ടീച്ചർക്കും നേരിട്ടുള്ള നിയമനം 80 ശതമാനവും അന്തർ ജില്ല സ്ഥലംമാറ്റം 20 ശതമാനവും ആയിരിക്കും. പാർട്ട്ടൈം ലാംഗ്വേജ് ഹൈസ്കൂൾ ടീച്ചർ നേരിട്ടുള്ള നിയമനം 85 ശതമാനവും അന്തർ ജില്ല സ്ഥലംമാറ്റം 15 ശതമാനവും ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.