കൽപറ്റ: വിവാദമായ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. 5200 പേജ് സീഡി ഫയലാണ്. 420 സാക്ഷികൾ, 900 രേഖകൾ എന്നിവയാണ് കുറ്റപത്രത്തിലുള്ളത്. മരങ്ങളുടെ ഡി.എൻ.എ പരിശോധനഫലവും ചേർത്തിട്ടുണ്ട്.
ഇന്ത്യയിലാദ്യമായാണ് കുറ്റപത്രത്തിൽ മരങ്ങളുടെ ഡി.എൻ.എ പരിശോധനഫലം ചേർക്കുന്നത്. മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവർക്കുപുറമെ ഡ്രൈവർ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, മനോജ്, അന്നത്തെ സൗത്ത് വില്ലേജ് ഓഫിസർ കെ.കെ. അജി, സ്പെഷൽ വില്ലേജ് ഓഫിസർ സിന്ധു എന്നിവരടക്കം 12 പ്രതികളാണുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നിവയടക്കം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
റവന്യൂ വകുപ്പിന്റെ കെ.എൽ.സി നടപടി തുടരുകയാണ്. ഈ നടപടിക്കുശേഷം അനുബന്ധ കുറ്റപത്രം കൂടി അന്വേഷണ ഉദ്യോഗസ്ഥർ നൽകും. പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. മുട്ടിൽ സൗത്ത് വില്ലേജിലെ തൃക്കൈപ്പറ്റയിൽനിന്ന് 104 ഈട്ടിമരങ്ങൾ റോജിയും സംഘവും മുറിച്ചുകടത്തിയെന്നാണ് കേസ്. മരങ്ങളുടെ ഡി.എൻ.എ പരിശോധനയിൽ 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികൾക്കെതിരെ ശക്തമായ തെളിവായതുകൊണ്ടാണ് കുറ്റപത്രത്തിൽ ഡി.എൻ.എ പരിശോധനഫലവും ചേർത്തത്.
വില്ലേജ് ഓഫിസിൽനിന്ന് അനുമതിയുണ്ടെന്നും സർക്കാർ ഉത്തരവുണ്ടെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കർഷകരുടെ മരം മുറിച്ചത്. കർഷകരെ വഞ്ചിച്ചതിനും കർഷകരുടെ പേരിൽ വ്യാജ അപേക്ഷ തയാറാക്കിയതിനും റോജി അഗസ്റ്റിനെതിരെ വ്യാജരേഖ ചമക്കൽ കുറ്റവും പൊലീസ് ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.