'അഴിമതി ചോദ്യം ചെയ്യരുതെന്ന് പറയാൻ ഇത് കമ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്'

തിരുവനന്തപുരം: എന്തുകൊള്ളയും നടത്തും, ഏജന്‍സികള്‍ ഒന്നും അന്വേഷിക്കാന്‍ പാടില്ല എന്നാണ് സി.പി.എമ്മിന്‍റെ നിലപാട്. ചോദിക്കാനും പറയാനും ആരും വരരുത് എന്നു പറയാന്‍ ഇത് കമ്മ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സമസ്ത മേഖലകളിലും സർക്കാർ കൊള്ള നടത്തുകയാണ്. ഈ അഴിമതികൾ ചൂണ്ടിക്കാണിക്കുമ്പോൾ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞു വിലപിക്കുന്നത് പരിഹാസ്യമാണ്. കേരള സര്‍ക്കാരിന്‍റെ ഒരോ പദ്ധതിയിലും അഴിമതിയും കൊള്ളയുമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിന്‍റെ മറവില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിയായ സ്പ്രിംഗ്ളറിനു കൊടുത്തപ്പോള്‍ അതിനെ ഞങ്ങള്‍ എതിര്‍ത്തു. ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. ശിവശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയായിരുന്നു ബെവ്ക്യു ആപ്പിലെ അഴിമതിക്ക് പിന്നില്‍.

പമ്പയിൽ അടിഞ്ഞുകൂടിയ മണൽ റിട്ടയര്‍ ചെയ്യുന്നതിന്‍റെ തലേദിവസം മുന്‍ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ചു സ്വകാര്യ വ്യക്തിക്ക് കച്ചവടം ന്നടത്താൻ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിരുന്നു. ഇ-മൊബിലിറ്റി അഴിമതി നടത്താനുള്ള മറ്റൊരു പദ്ധതിയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

തലങ്ങും വിലങ്ങും കണ്‍സള്‍ട്ടന്‍സികളാണ്. കൺസൾട്ടൻസികൾ വഴി സ്വപ്ന സുരേഷ് ഉൾപ്പെടെ ഭരണക്കാർക്ക് വേണ്ടവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതര കോടി കമീഷനാണ്. പാവപ്പെട്ടവർക്കുള്ള പദ്ധതിയിൽ പാതി പണവും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരിച്ച മാഫിയക്ക് കമീഷനായി കിട്ടുന്നു.

കിഫ്ബിയില്‍ കോടികളുടെ അഴിമതി നടക്കുന്നു. കിഫ്ബിയുടെ പദ്ധതികളെപ്പറ്റി നിയമസഭ അറിയണ്ട, മന്ത്രിസഭയും അറിയണ്ട, സി.എ.ജി ഓഡിറ്റ് പോലും വേണ്ട എന്ന സർക്കാർ നിലപാട് അഴിമതിക്ക് കുടപിടിക്കാനാണ്.

സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഓരോ പദ്ധതിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല,സർക്കാരിന് കമീഷന്‍ പറ്റാൻ മാത്രം ഉദ്ദേശിച്ചാണ്. ഇത് അനുവദിച്ചുതരാൻ പറ്റില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags:    
News Summary - chennithala fb post against govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.