തിരുവനന്തപുരം: ദേശീയപാത അതോറിറ്റിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയുള്ള എല്ലാ പദ്ധതികൾക്കും കേരളത്തിന്‍റെ വിഹിതമിങ്ങ് പോരേട്ടയെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഭൂമിയേറ്റെടുക്കലിന് ഒരു സംസ്ഥാനവും തുക നൽകുന്നില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിന് കിട്ടേണ്ട അവകാശമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ദേശീയപാത വികസിക്കുമ്പോഴും പഞ്ചായത്ത് റോഡിന്‍റെ സ്ഥിതിയിലായിരുന്നു ഇവിടെ. അങ്ങനെയാണ് 2016ൽ കേന്ദ്രത്തെ സമീപിച്ചത്. കേരളത്തിൽ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകണമെന്നുമായിരുന്നു കേന്ദ്ര നിലപാട്.
അത് സാധിക്കില്ലെന്ന് സംസ്ഥാനവും അറിയിച്ചു. തർക്കം നീണ്ടപ്പോൾ, ഒത്തുതീർപ്പെന്ന നിലയിലാണ് 25 ശതമാനം സംസ്ഥാനവും 75 ശതമാനം കേന്ദ്രവും വഹിക്കുന്ന നിലയിൽ ഭൂമിയേറ്റെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, അതൊരു സൗകര്യമായി എടുക്കരുത്. സംസ്ഥാനത്തിന് ഇനിയത് കഴിയില്ലെന്ന് അതോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്‍റെ ഭൂമിയേറ്റെടുക്കൽ ഫലപ്രദമായി തുടരുകയാണ്. ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.