ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ല; സിനിമാ മേഖലയെ ആകെ ചളിവാരി എറിയരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവരുന്നതിന് സർക്കാർ എതിരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. സാക്ഷികൾ നൽകിയ മൊഴികൾ രഹസ്യസ്വഭാവമുള്ളതാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഉയർന്ന ഗൗരവകരമായ പ്രശ്നങ്ങളുടെ തുടർച്ചയായിട്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായിരുന്നു സമിതി. ഹേമ കമ്മിറ്റി ശുപാർശ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചത്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത് അന്വേഷിക്കണമെന്ന് ശുപാർശയില്ല. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സമിതി രൂപവത്കരിച്ചത്. റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. സിനിമ മേഖലയിൽ ഐ.സി.സി രൂപവത്കരിക്കുന്നത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കി എന്ന് ഉറപ്പാക്കി. സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രൈബ്യൂണൽ രൂപവത്കരിക്കണമെന്ന് നിർദ്ദേശം ഉണ്ട്. വിപുലമായ ചർച്ച നടത്തി സിനിമാ നയം രൂപവത്കരിക്കും. അതിനായി കോൺക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ തുല്യ വേതനത്തിന് സാങ്കേതിക തടസം ഉണ്ട്. മദ്യവും മയക്കുമരുന്നും അടക്കം ലഹരി ഉപയോഗം തടയാനും ലൈംഗികാതിക്രമവും തടയാൻ ഇപ്പോൾ തന്നെ സംവിധാനങ്ങളുണ്ട്. സിനിമാ മേഖലയാകെ മോശമെന്ന അഭിപ്രായം സർക്കാരിനില്ല. സിനിമാ മേഖലയെ ആകെ ചളിവാരി എറിയരുത്. സിനിമക്കുള്ളില്‍ സിനിമകളെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ തൊഴില്‍സാഹചര്യവും വേതനവും ഉറപ്പാക്കാന്‍ സംഘടനകള്‍ തയാറാകണം. ലോബിയിങ്ങിന്‍റെ ഭാഗമായി, കഴിവുള്ള നടീനടന്മാരെ ഒറ്റപ്പെടുത്തുകയോ അവസരങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. ആശയപരമായ ഭിന്നതയിൽ ആരെയെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാനോ കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും പ്രതിഭയും ആയിരിക്കണം മാനദണ്ഡം. ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാവരുത് സിനിമ.

സിനിമയിലെ ലൈംഗിക, സാമ്പത്തിക, മാനസിക ചൂഷണത്തിന്റെ കാര്യത്തില്‍ ചൂഷകര്‍ക്കൊപ്പമല്ല മറിച്ച് ഇരയാക്കപ്പെടുന്നവര്‍ക്ക് ഒപ്പമാകും സര്‍ക്കാര്‍ ഉണ്ടാകുക. സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ അതിലെ പ്രവര്‍ത്തകര്‍ ആകെ അസാന്മാര്‍ഗിക സ്വഭാവം വച്ചു പുലര്‍ത്തുന്നവര്‍ ആണെന്നോ ഉള്ള നിലപാട് സര്‍ക്കാരിനില്ല. ചില ആളുകള്‍ക്കുണ്ടായ തിക്താനുഭവം വച്ച് 94 വര്‍ഷത്തെ മലയാള സിനിമാ പാരമ്പര്യത്തെ വിലയിരുത്തരുത്. സിനിമ മേഖലയിലെ ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാറിന്‍റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

Tags:    
News Summary - Chief Minister Pinarayi Vijayan on Hema Committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.