തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് തെറ്റായ പ്രചാരണം നടത്തുന്നെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തിയറ്ററുകളിൽനിന്ന് ‘ടർക്കിഷ് തർക്കം’ സിനിമ പിൻവലിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ബൽറാം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
'ടർക്കിഷ് തർക്ക'ത്തെക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായി അറിഞ്ഞിരുന്നില്ല. ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.
'ടർക്കിഷ് തർക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ "മതനിന്ദ" ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.
മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമ്മാതാവിനേയോ "ഭീഷണിപ്പെടുത്തി"യതിന്റെ പേരിൽ സിനിമ തീയേറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.
തീയ്യേറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.
ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച് ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല.
മലയോര പ്രദേശത്തെ പരമ്പരാഗത മുസ്ലിം സമൂഹത്തിൽ നടക്കുന്ന ഖബറടക്കവും അനുബന്ധ സംഭവങ്ങളുമാണ് ‘ടർക്കിഷ് തർക്കം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ദിവസമാണ് നിർമാതാവ് നാദിർ ഖാലിദും സംവിധായകൻ നവാസ് സുലൈമാനും വാർത്ത സമ്മേളനം വിളിച്ച്, സിനിമക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതിനാൽ ‘ടർക്കിഷ് തർക്കം’ തിയറ്ററുകളിൽനിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് അറിയിച്ചത്.
നവംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നത്. ചിലർ മതനിന്ദ ആരോപിച്ച് തെറ്റായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് സിനിമ പിൻവലിക്കുന്നത്. എന്നാൽ, ഏതെങ്കിലും സംഘടനകൾ ഭീഷണി മുഴക്കിയിട്ടില്ലെന്നും നിർമാതാവും സംവിധായകനും പറഞ്ഞിരുന്നു. സിനിമ ഒരു മതവിഭാഗത്തിനും എതിരല്ല. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചശേഷം വീണ്ടും പുറത്തിറക്കും. ആവശ്യമെങ്കിൽ ഡയലോഗുകളിൽ ഉൾപ്പെടെ മാറ്റം വരുത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.