മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് നവതി ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണെന്നും മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് അദ്ദേഹത്തിനുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെപ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. സാഹിത്യകാരൻ എന്ന നിലക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകി.
സാഹിത്യരചനയോടൊപ്പം തന്നെ കേരളത്തിന്റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം.ടി പരിശ്രമിച്ചു. അതിന്റെ ഭാഗമായാണ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. എം.ടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യ ഭൂപടത്തിൽതന്നെ ശ്രദ്ധാകേന്ദ്രമായി.
അദ്ദേഹത്തിന്റെ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചുനിന്നു. യാഥാസ്ഥിക മൂല്യങ്ങളെയും വർഗീയതയെയും എം.ടി തന്റെ ജീവിതത്തിലുടനീളം കർക്കശബുദ്ധിയോടെ എതിർത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്ന് തുഞ്ചൻ പറമ്പിന്റെ മതനിരപേക്ഷ സ്വഭാവം നിലനിർത്താൻ സാധിച്ചത് ഈ നിലപാടിന്റെ ബലം നമ്മെ ബോധ്യപ്പെടുത്തി.
ജനമനസ്സുകളെ യോജിപ്പിക്കാൻ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ജനമനസ്സുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പുതിയ കാലത്ത് എം.ടിയുടെ കൃതികൾ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ആശംസ സന്ദേശത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.