കരിങ്കൊടി കാണിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിക്കുന്ന ചിത്രം

‘മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ ഹാജരാകില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതിയായ ഗൺമാൻ

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് ഇമെയ്ൽ വഴിയാണ് ആലപ്പുഴ സൗത്ത് പൊലീസിനെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടി ഉള്ളതിനാൽ സ്റ്റേഷനിൽ ഹാജരാകാനാവില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും വീണ്ടും സമൻസ് അയക്കുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.

ജനുവരി 24നാണ് നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനും നോട്ടീസ് ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്. ഗൺമാൻ അനിൽ കുമാർ, സുരക്ഷാസേനയിലെ എസ്. സദ്ദീപ് എന്നിവർക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് നൽകിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴായിരുന്നു പൊലീസിന്‍റെ നടപടി.

കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ. സുരക്ഷാസേനയിലെ എസ്. സദ്ദീപും കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് മറ്റ് പ്രതികൾ. ആയുധം കൊണ്ട് ഗുരുതര പരിക്കേൽപ്പിക്കൽ, അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

യൂത്ത് കോൺഗ്രസ്- കെ.എസ്.യുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആലപ്പുഴ സൗത്ത് പൊലീസിന് നിർദേശം നൽകിയത്. ഗൺമാന്‍റെ മർദനമേറ്റ കെ.എസ്.യു ജില്ല പ്രസഡന്‍റ് എ.ഡി. തോമസ് നൽകിയ ഹരജിയിലാണ് കോടതി നിർദേശിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരിൽ രണ്ടു പേരെ സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. ഈ സമയം മുഖ്യമന്ത്രിയെയും വഹിച്ചു കൊണ്ടുള്ള ബസ് കടന്നു പോയി. എന്നാൽ, ബസിന് പിന്നാലെ വന്ന വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ഗൺമാൻ അടക്കമുള്ള അംഗരക്ഷകർ കാറിൽ നിന്ന് ഇറങ്ങിവന്ന് ലാത്തി കൊണ്ട് മർദിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനും എതിരെ എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ജോലിയുടെ ഭാഗമായി ചെയ്ത പ്രവൃത്തിയെന്നാണ് ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹരജി നൽകിയത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കാൻ എത്തിയവരെ ഗൺമാൻ മർദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മർദന ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും ബസിന് നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്‍റെ ചുമതലയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

Tags:    
News Summary - chief ministers gunman not present to the police for youth congress workers beating case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.