തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണം വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ട്രേഡ് യൂനിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യോഗം വിളിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഗതാഗത മന്ത്രി ആൻറണി രാജു, കെ.എസ്.ആർ.ടി.സി സി.എം.ഡി തുടങ്ങിയവര്‍ പങ്കെടുത്തു. നിലവിലെ കെ.എസ്.ആർ.ടി.സി അധിക െചലവ് കുറച്ചുകൊണ്ട് വരുമാനം വർധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് സർക്കാർ ശമ്പളപരിഷ്കരണം നടപ്പാക്കാൻ അനുമതി നൽകിയത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ച ചെയ്ത് ധാരണയിലെത്താൻ സി.എം.ഡി ബിജു പ്രഭാകറിനെ യോഗം ചുമതലപ്പെടുത്തി.
താൽപര്യമുള്ള ജീവനക്കാർക്ക് മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ 50 ശതമാനം ശമ്പളം കൊടുത്ത് കൊണ്ട് പെൻഷൻ മുതലായ മറ്റ് ആനുകൂല്യങ്ങളിൽ വീഴ്ചയില്ലാതെ രണ്ട് വർഷം വരെ അവധി നൽകുവാനുമുള്ള മാനേജ്മെൻറ് നിർദേശം യൂനിയനുകളുമായി ചർച്ച ചെയ്യും. കണ്ടക്ടർ, മെക്കാനിക് വിഭാഗങ്ങളിൽ അധിക ജീവനക്കാരെയാണ് അവധിയെടുക്കാൻ അനുവദിക്കുക. രണ്ട് വർഷത്തേക്കെങ്കിലും ഈ പ്രതിസന്ധി തുടരുമെന്നതും കെ.എസ്.ആർ.ടി.സിക്ക് പൂർണമായും വരുമാനത്തിലേക്ക് എത്താൻ സാധിക്കിെല്ലന്നതും പരിഗണിച്ചാണ് മഹാരാഷ്ട്ര മോഡൽ പരീക്ഷിക്കാനൊരുങ്ങുന്നത്. ഡ്യൂട്ടി പാറ്റേൺ പരിഷ്കരണവും സുശീൽ ഖന്ന റിപ്പോർട്ടിലെ സ്വീകാര്യമായ പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ട്.
2021 ഫെബ്രുവരിയിൽ ബജറ്റിൽ അവതരിപ്പിച്ചതനുസരിച്ച് എൻ.പി.എസ് പെൻഷൻ സ്കീമിലേക്ക് കുടിശ്ശികയായി അടക്കാനുള്ള 225 കോടി രൂപ അനുവദിക്കും. തവണകളായിട്ടാണ് അനുവദിക്കുക. അധികമുള്ള ജീവനക്കാരെ ഫ്യൂവൽ ഔട്ട്ലെറ്റിലേക്ക് നിയോഗിക്കും. കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് വിങ് ആരംഭിക്കാനും തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിക്ക് പുതുതായി 700 സിഎൻജി ബസുകൾ കിഫ്ബി മുഖാന്തരം വാങ്ങാനുള്ള സാധ്യതകൾ പരിഗണിക്കാമെന്ന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.