തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്കുണ്ടായ ദുരനുഭവം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻതുറന്നുപറഞ്ഞെങ്കിലും മോശം പരാമർശം നടത്തിയത് ആരെന്ന ഊഹാപോഹങ്ങൾ സജീവം. പരാമർശം നടത്തിയ ആളാരാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ ചീഫ് സെക്രട്ടറി തയാറായിട്ടില്ല.
അതാരെന്ന് പറയാത്തിടത്തോളം ഏറെ ചർച്ചയായ സംഭവത്തിലെ ‘പ്രതി’ കാണാമറയത്ത് തുടരും. ഭരണപക്ഷത്തുനിന്ന് മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയുമടക്കം ചീഫ് സെക്രട്ടറിക്ക് പിന്തുണമായി രംഗത്തുവന്നിരുന്നു. എന്നാൽ, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ നിറത്തിന്റെ പേരിൽ നേരിട്ട വിവേചനം ഇനിയും സമൂഹത്തിൽ ആവർത്തിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്നതിൽ സർക്കാറിന് ഉത്തരമില്ല.
‘ചീഫ് സെക്രട്ടറിയെപ്പോലെ ഒരാൾ നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിടേണ്ടിവരുന്നത് സമൂഹം എത്രമാത്രം രോഗാതുരമായിരിക്കുന്നതിന്റെ തെളിവാണ്’ എന്നിങ്ങനെയുള്ള പ്രസ്താവനകൾക്കപ്പുറം ഇത്തരം വിവേചനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഭരണതലത്തിൽ എന്തെങ്കിലും ഇടപെടലിന് സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടക്കുന്നത്. സമാനമായ ദുരനുഭവങ്ങൾ നിരവധിപേർ തുറന്നുപറയുന്നുണ്ട്. ‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നെന്ന്’ ഫേസ് ബുക്കിൽ കുറിച്ച് ചീഫ് സെക്രട്ടറിക്ക് പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്.
തന്റെ അനുഭവം തുറന്നുപറഞ്ഞതിലൂടെ സമൂഹത്തിലെ ചിലരുടെ ഇത്തരം കാഴ്ചപ്പാടുകൾ തുറന്നുകാട്ടുക എന്നതിനപ്പുറം ഈ വിഷയത്തിൽ വിവാദം തുടരാൻ ചീഫ് സെക്രട്ടറിക്കും താൽപര്യമില്ല. ചൊവ്വാഴ്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ മുരളീധരൻ വെളിപ്പെടുത്തൽ നടത്തിയത്.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും തന്റെയും നിറവ്യത്യാസത്തെക്കുറിച്ച് കേട്ട പരാമർശം ആസ്പദമാക്കിയായിരുന്നു കുറിപ്പ്. ചീഫ് സെക്രട്ടറി എന്ന നിലയിൽ തന്റെ പ്രവർത്തനകാലം കറുപ്പും മുൻ ചീഫ് സെക്രട്ടറിയുടെ കാലം വെളുപ്പുമാണെന്ന വിധമായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.