ചങ്ങനാശ്ശേരി: സഹോദരിമാരുടെ മക്കൾ പാറക്കുളത്തിൽ വീണുമരിച്ചു. തൃക്കൊടിത്താനം ചെമ്പുംപുറം പാറക്കുളത്തിലാണ് സംഭവം. മാടപ്പള്ളി അഴകാത്തുപടി പന്നിക്കൊമ്പ് പുതുപ്പറമ്പ് വീട്ടിൽ പരേതനായ അനീഷ്-ആശ ദമ്പതികളുടെ മകൻ ആദർശ് (15), ആശയുടെ സഹോദരി മാങ്ങാനം മാധവശ്ശരി ആലീസിന്റെ മകൻ അഭിനവ് (11) എന്നിവരാണ് മരിച്ചത്.
പിതാവിന്റെ മരണശേഷം കുറിച്ചിയിൽ അമ്മക്കൊപ്പം താമസിക്കുകയായിരുന്ന ആദർശ് അഭിനവുമൊത്ത് നാലുദിവസം മുമ്പാണ് അഴകാത്തുപടിയിലുള്ള വല്യച്ഛൻ പാപ്പന്റെയും വല്യമ്മ അമ്മിണിയുടെയും അടുത്തെത്തിയത്. ആദർശിന് പനി ആയിരുന്നതിനാൽ നാലുദിവസമായി സ്കൂളിൽ പോയിരുന്നില്ല. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് ആദർശും അഭിനവും അടങ്ങുന്ന നാലംഗ സംഘം ചെമ്പുംപുറത്തെ സ്വകാര്യ വ്യക്തിയുടെ പാറക്കുളത്തിനുസമീപം എത്തിയത്. മീൻ നോക്കുന്നതിനിടെ അഭിനവ് കാൽവഴുതി പാറക്കുളത്തിൽ വീണു. അഭിനവിനെ രക്ഷിക്കാനാണ് ആദർശ് കുളത്തിലേക്ക് ചാടിയത്.
ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് കൂടെയുള്ള മറ്റ് കുട്ടികൾ നിലവിളിച്ചു. ഇതുകേട്ട് സമീപവാസികൾ ഓടിയെത്തി. തൃക്കൊടിത്താനം പൊലീസിലും ചങ്ങനാശ്ശേരി ഫയർഫോഴ്സിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ആദർശ് കുറുമ്പനാടം സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. അഭിനവ് മാങ്ങാനം ഹോളി ഫാമിലി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയും.
മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആദർശിന്റെ മൃതദേഹം കുറിച്ചിയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം അഴകാത്തുപടിയിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച നടക്കും. അഭിനവിന്റെ മൃതദേഹം മന്ദിരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.