കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കി സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ചിട്ടി കമ്പനികളും കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു. സഹകരണ ബാങ്കുകളുടെ പിറകെ കൂടിയ ആരും ഇതന്വേഷിക്കാന്‍ പോയില്ല. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന്‍െറ പിറ്റേന്നു മുതല്‍ ക്രയവിക്രയം നിരോധിച്ച കറന്‍സിയാണ് ബ്ളേഡ് കമ്പനികള്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
സ്വര്‍ണ പണയമായും ആധാരം വെച്ചും ചെക്കും പ്രോമിസറി നോട്ട് വാങ്ങിയും കോടിക്കണക്കിനു രൂപ അവര്‍ വായ്പ നല്‍കി. ഇങ്ങനെ നല്‍കിയ പണം ഇടപാടുകാരോട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് കമ്പനികള്‍ നിര്‍ദേശിച്ചത്.
നികുതി നല്‍കാതെ രണ്ടര ലക്ഷം രൂപ വരെ വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന റിസര്‍വ് ബാങ്കിന്‍െറ ആനുകൂല്യത്തിന്‍െറ മറവില്‍ ബ്ളേഡുകമ്പനികളുടെ കോടികളാണ് വെളുപ്പിച്ചെടുത്തത്.
ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന 10,000 നു മുകളില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്.അവയില്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്‍െറ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. വായ്പക്ക് പലിശ വാങ്ങുന്നതിനു നിയന്ത്രണം ഉണ്ടെങ്കിലും 18 മുതല്‍ 48 ശതമാനം വരെ പലിശയാണ് ഇവര്‍ ഈടാക്കുന്നത്.
സ്വര്‍ണ വായ്പ പലിശയുടെ ഇരട്ടിയിലേറെയാണ് ഭൂമിയുടെ ആധാരം, ചെക്ക്, പ്രോമിസറി നോട്ട് എന്നിവ ഈടായി സ്വീകരിച്ചു നല്‍കുന്ന വായ്പകള്‍ക്കു വാങ്ങുന്നത്. ഒട്ടു മിക്ക സ്ഥാപനങ്ങളിലും രണ്ടു കണക്കു പുസ്തകങ്ങളുണ്ട് . സാധാരണ ഗതിയില്‍ ഏറ്റവും കൂടുതല്‍ കറന്‍സി സൂക്ഷിക്കുന്ന സ്ഥാപനങ്ങളാണ് ബ്ളേഡ് കമ്പനികളും ചിട്ടി കമ്പനികളും. എന്നാല്‍, നോട്ട് അസാധുവാക്കല്‍ ഈ കമ്പനികളെ തെല്ലും ബാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.