മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ കണ്ടെത്തിയ ട്രോളിബാഗിൽ അടക്കം ചെയ്ത മൃതദേഹം

ചുരത്തിൽ കണ്ടെത്തിയ മൃതദേഹം ആരുടേത്? കേരളത്തിൽനിന്ന് കാണാതായ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ട്രോളിബാഗിൽ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീരാജ്പേട്ട പൊലീസ് അന്വേഷണം ഊർജിതമാക്കി. വീരാജ്പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ മടിക്കേരി എസ്.പി നിയോഗിച്ചു. യുവതിയുടെ മൃതദേഹം മടിക്കേരി ഗവ. മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം മോർച്ചറിയിലേക്ക് മാറ്റി.

കുടക്, മൈസൂരു ജില്ലകളിൽനിന്നും കേരളത്തിൽനിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുതുടങ്ങി. മടിക്കേരി ജില്ലയിൽ മാത്രം നാലുപേരെ ഒരു മാസത്തിനുള്ളിൽ കാണാതായിട്ടുണ്ട്. എന്നാൽ, ഇവരുടെ ബന്ധുക്കളാരും അന്വേഷണവുമായി എത്തിയിട്ടില്ല. കേരളത്തിൽനിന്ന് പ്രത്യേകിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട് മേഖലയിൽനിന്ന് കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടയിൽ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ യുവതിയുടെ ബന്ധുക്കൾ മടിക്കേരിയിലെത്തി മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങി. മൃതദേഹം പൂർണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്.

ഡി.എൻ.എ പരിശോധനയും പൊലീസ് പരിഗണിക്കുന്നുണ്ട്. കർണാടകയുമായി അതിർത്തിപങ്കിടുന്ന ഇരിട്ടി മേഖലയിൽനിന്ന് അടുത്തായി മിസിങ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് ഇരിട്ടി സി.ഐ കെ.ജെ. വിനോയ് പറഞ്ഞു.

ചുരം വഴി പോയ വാഹനങ്ങളുടെ വിവരം ശേഖരിക്കും

രണ്ടാഴ്ചക്കിടയിൽ മാക്കൂട്ടം- ചുരം റോഡ് വഴി കടന്നുപോയ വാഹനങ്ങളുടെ വിവരശേഖരണവും പൊലീസ് ആരംഭിച്ചു. പെരുമ്പാടി ചെക്ക് പോസ്റ്റ് വിട്ടാൽ ചുരം റോഡിൽ എവിടേയും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല. പെരുമ്പാടിയിൽനിന്നും മാക്കൂട്ടത്തേക്കും മാക്കൂട്ടത്തുനിന്നും പെരുമ്പാടിയിലേക്കും എത്താനുള്ള കുറഞ്ഞും കൂടിയതുമായ സമയം കണക്കാക്കിയുള്ള വാഹന പരിശോധനയും ആരംഭിച്ചു. ചുരംറോഡിൽ അസ്വാഭാവികമായ നിലയിൽ നിർത്തിയിട്ട വാഹനങ്ങളെക്കുറിച്ച് ദൃക്‌സാക്ഷി വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

പെരുമ്പാടി ചെക്ക്പോസ്റ്റിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് മാക്കൂട്ടം ചെക്ക്പോസ്റ്റിൽനിന്ന് 15 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടുതന്നെ വീരാജ്പേട്ട, ഗോണിക്കുപ്പ ഭാഗങ്ങളിൽ മൃതദേഹവുമായി എത്താനുള്ള സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് പൊലീസ്.

Tags:    
News Summary - chopped body parts found in trolley bag near makkoottam churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.