ക്രിസ്മസ്, പുതുവത്സരം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു

തിരുവനന്തപുരം/കൊച്ചി/കരിപ്പൂർ/കണ്ണൂർ: ക്രിസ്മസ്-പുതുവത്സര തിരക്കിൽ വിമാനയാത്ര നിരക്ക് കുത്തനെ വർധിപ്പിച്ചു. ആഭ്യന്തര-വിദേശ സർവിസുകൾക്ക് രണ്ടിരട്ടിയിലധികം വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും നിരക്ക് കൂട്ടിയിട്ടുണ്ട്.

ക്രിസ്മസ്, പുതുവത്സര തിരക്ക് മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ. യാത്രക്കാർ വേണ്ടത്രയില്ലാത്തപ്പോൾ സഹിക്കുന്ന നഷ്ടം തിരക്ക് കൂടുമ്പോൾ നിരക്കുയർത്തി പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ജനുവരി രണ്ടാം വാരത്തിൽ നിരക്ക് കുറയുന്നുണ്ട്.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു നഗരങ്ങളിലുള്ളവർ കുടുംബത്തോടെ നാട്ടിലേക്കു വരുന്ന സമയമാണിത്. ട്രെയിനുകളിലും ടിക്കറ്റ് ലഭ്യമല്ല. മതിയായ സ്പെഷൽ ട്രെയിനില്ലെന്നും പരാതിയുണ്ട്. ഉയർന്ന നിരക്കു മൂലം നിരവധി പേർ യാത്ര ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. ഉയർന്ന നിരക്ക് വിദ്യാർഥികൾക്കും മറ്റും ആഘോഷവേളയിൽ വീട് പറ്റുന്നതിന് തിരിച്ചടിയായിട്ടുണ്ട്. പലരും റോഡ് മാർഗം എത്താനാണ് ശ്രമിക്കുന്നത്. ബസുകളുടെയും നിരക്ക് ഉയർന്നു.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറ്റവും കുറവ് ആഭ്യന്തര സർവിസുകളുള്ളത് കരിപ്പൂരിലേക്കാണ്. സർവിസുകൾ കുറവാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്. അനുവദിച്ച സ്ലോട്ടുകളിൽതന്നെ പൂർണമായി സർവിസുകൾ നടത്താത്തതും ഇപ്പോൾ തിരിച്ചടിയായിരിക്കുകയാണ്. കരിപ്പൂരിൽനിന്ന് ആഭ്യന്തര സർവിസുകൾ വർധിപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കോവിഡിനുമുമ്പ് തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന എല്ലാ വിദേശ-ആഭ്യന്തര വിമാന സർവിസുകളും പുനഃസ്ഥാപിച്ചിട്ടില്ല. തിരുവനന്തപുരത്തെ ഉയർന്ന യൂസർഫീയും യാത്രക്കാർക്ക് കൂടുതൽ ബാധ്യത വരുത്തുന്നുണ്ട്.

അടുത്ത രണ്ടു ദിവസത്തേക്ക് ഡൽഹി-കൊച്ചി 20,000 മുതൽ 30,000 രൂപ വരെ, ബംഗളൂരു-കൊച്ചി 15,000 മുതൽ 18,000 വരെ, ചെന്നൈ-കൊച്ചി 14,000 മുതൽ 19,000 വരെ, മുംബൈ-കൊച്ചി 15,000 മുതൽ 29,000 വരെ എന്നിങ്ങനെ നൽകണം. 10,000-12,000 രൂപ വരെയുണ്ടായിരുന്ന തിരുവനന്തപുരം-ദുബൈ നിരക്ക് ഡിസംബർ 31ന് 33,000 രൂപയിലെത്തി. മറ്റു രാജ്യങ്ങളിലേക്കുള്ള നിരക്കിലും വലിയ മാറ്റമുണ്ട്.

കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് 16,800 രൂപ മുതൽ 20,000 രൂപ വരെ ഈടാക്കുന്നുണ്ട്. കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് 2800 രൂപ വരെയായിരുന്നിടത്ത് 6000 മുതൽ 7000 രൂപ വരെയായി. കണ്ണൂർ-ജിദ്ദ യാത്രക്ക് 46,000 മുതൽ 65,000 രൂപ വരെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക്. നേരത്തേ 20,000-23,000 രൂപയായിരുന്നു. കണ്ണൂർ-കുവൈത്ത് യാത്രക്ക് 32,000 മുതൽ 38,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. നേരത്തേ 17,000-20,000 വരെ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ആഭ്യന്തര വിദേശ വിമാന ടിക്കറ്റ് നിരക്ക് വർധനയുടെ ഉദാഹരണങ്ങളാണിത്.

Tags:    
News Summary - Christmas, New Year: Airline fares hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.