തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി ഫോണിൽ വാക്കുതർക്കത്തിലേർപ്പെട്ട സർക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. തിരുവനന്തപുരം വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലിനെയാണ് വിജിലൻസിലേക്ക് സ്ഥലംമാറ്റി ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഇത് പൊലീസ് സേനയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കുടുംബ കേസിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി സി.ഐയെ വിളിച്ചതാണ് തർക്കത്തിലേക്ക് നീങ്ങിയത്.
11കാരനായ മകനെ രണ്ടാം ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുന്നെന്ന യുവതിയുടെ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി എസ്.എച്ച്.ഒയെ വിളിച്ചത്. രാത്രിയായിരുന്നു ഫോൺ വിളി. താൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയെന്നും ന്യായമായി കാര്യങ്ങൾ ചെയ്യാമെന്നും 'സാർ' എന്ന് വിളിച്ച് ഭവ്യതയോടെയാണ് സി.ഐ സംസാരിച്ച് തുടങ്ങിയത്. എന്നാൽ, ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. തുടർന്ന് മന്ത്രി ക്ഷുഭിതനായി സംസാരിച്ച് തുടങ്ങി. എന്നാൽ, പരാതി പരിശോധിച്ച് ന്യായമായി ചെയ്യാമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഒരു സ്ത്രീ രാത്രി പൊലീസ് സ്റ്റേഷനിൽ എത്തുന്നെങ്കിൽ അവർ നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കുമെന്നും സി.ഐ പറഞ്ഞു. ഒരാളെ പെട്ടെന്ന് പിടിച്ചുകൊണ്ടുവരാൻ സാധിക്കില്ലെന്നും വിവാദമായാൽ ആരും സംരക്ഷിക്കാനുണ്ടാകില്ലെന്നും മന്ത്രിയായ താങ്കളും സഹായിക്കില്ലെന്നും സി.ഐ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. 'നീ' എന്ന് മന്ത്രി പറയുമ്പോൾ അങ്ങനെ സാർ വിളിക്കരുതെന്ന് സി.ഐ പറയുന്നതും കേൾക്കാം.
മന്ത്രി സംഭവം പൊലീസ് ഉന്നതരുടെ ശ്രദ്ധയിൽപെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തുവന്നത്. മന്ത്രിയുടെ പരാതി പരിശോധിക്കാൻ തിരുവനന്തപുരം റൂറൽ എസ്.പിക്ക് പൊലീസ് ഉന്നതർ നിർദേശം നൽകി. സി.ഐയിൽനിന്ന് എസ്.പി വിശദീകരണം തേടി. റൂറൽ എസ്.പി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരിലാലിനെ വിജിലൻസിലേക്ക് മാറ്റി ഡി.ജി.പി ഉത്തരവിട്ടത്. മറ്റ് അഞ്ച് സി.ഐമാരെക്കൂടി സ്ഥലം മാറ്റിയാണ് ഉത്തരവ്.
മുൻകൂട്ടി അറിയിക്കാതെയാണ് സി.ഐ കഴിഞ്ഞദിവസം ജോലിക്ക് ഹാജരാകാതിരുന്നതെന്നും റൂറൽ എസ്.പിയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ, സി.ഐക്കെതിരെയുള്ള നടപടിയിൽ പൊലീസ് സേനയിൽ കടുത്ത അതൃപ്തിയുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി ജി.ആർ. അനിൽ തയാറായില്ല. തിങ്കളാഴ്ച ലഭിച്ച പരാതിയിൽ കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.