കൊണ്ടോട്ടി/മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് തുടരുന്ന സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനിന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്റെ കരിപ്പൂരിനടുത്തുള്ള ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥന് കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തില്‍നിന്ന് പണം വാങ്ങുകയും സ്വര്‍ണം കടത്താന്‍ സഹായിക്കുകയും ചെയ്തത് സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് നവീനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. നവീനൊപ്പം വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന് ഷറഫലിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷറഫലിയുടെ ഫോണിൽനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ചാർട്ടിന്റെ കോപ്പി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു തുടര്‍ച്ചയായാണ് നവീന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഉദ്യോഗസ്ഥന്റെ ഇടപാടുകളും ബാങ്കിങ് രേഖകളും പരിശോധിച്ചു. ബാങ്കിങ് ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കസ്റ്റംസിന്റെ പ്രിവന്റിവ് വിഭാഗവും കേസില്‍ അന്വേഷണം ആരംഭിച്ചു. സ്വര്‍ണക്കടത്തില്‍ പങ്കാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ചും സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെയും അടുത്ത ദിവസം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അതിനിടെ, മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ നവീനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.