തിരുവനന്തപുരം: ശമ്പള വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതോടെ കെ.എസ്.ആർ.ടി.സി ആസ്ഥാനം വളഞ്ഞ് സി.ഐ.ടി.യു ഉപരോധ സമരം. തിങ്കളാഴ്ച രാവിലെയോടെ തലസ്ഥാനത്ത് കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസ് വളഞ്ഞ പ്രവർത്തകർ ജീവനക്കാരെ ഓഫിസിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂം സ്റ്റാഫുകൾക്ക് മാത്രമാണ് ജോലിയിൽ പ്രവേശിക്കാനായത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് സമരം ഉദ്ഘാടനം ചെയ്തു.
എല്ലാ മാസവും ശമ്പളത്തിനുവേണ്ടി സമരം ചെയ്യുന്ന ഏർപ്പാട് ഇനി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ശമ്പളം കൃത്യസമയത്ത് നൽകുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം എംപാനൽ ജീവനക്കാരുടെ സംരക്ഷണകാര്യത്തിലും തീരുമാനമുണ്ടാകണം. ഈമാസം 27ന് ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുമെന്നും ആനത്തലവട്ടം പറഞ്ഞു.
ലാഭനഷ്ടക്കണക്ക് നോക്കി പ്രവർത്തിക്കേണ്ട സ്ഥാപനമല്ല കെ.എസ്.ആർ.ടി.സി. ഡീസൽവില അടിക്കടി വർധിപ്പിക്കുന്നതും ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കുന്നതും കേന്ദ്ര സർക്കാറാണ്. അതിനനുസരിച്ച് എല്ലാ ദിവസവും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാകില്ല. തൊഴിലാളികളല്ല പ്രതിസന്ധിക്ക് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർക്കിങ് പ്രസിഡൻറ് സി.കെ. ഹരികൃഷ്ണൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ, ഭാരവാഹികളായ വി. ശാന്തകുമാർ, എസ്. ശ്രീദേവി, പി.എസ്. മഹേഷ്, ആർ. ഹരിദാസ്, സുജിത് സോമൻ, ഇ. സുരേഷ്, സുശീലൻ മണവാരി, ഹണി ബാലചന്ദ്രൻ, പി.വി. അംബുജാക്ഷൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.