വൈക്കം പൊലീസ് സ്റ്റേഷൻ മാർച്ചിൽ സി.കെ. ആശ എം.എൽ.എ സംസാരിക്കുന്നു 

‘അവള്‍ അവിടെ ഇരിക്കട്ടെ’ എന്ന് പറഞ്ഞ് പൊലീസ് അധിക്ഷേപിച്ചതായി ആശ എം.എൽ.എ; താൻ ഒന്നും പറഞ്ഞില്ലെന്ന് എസ്.എച്ച്.ഒ

വൈക്കം: വൈക്കം എം.എൽ.എ സി.കെ. ആശയെ വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്.എച്ച്.ഒ കെ.ജെ. തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടര മണിക്കൂർ സ്‌റ്റേഷനിൽ കാത്തുനിർത്തിച്ചെന്നും പരാതി. സംഭവത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ എം.എൽ.എ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർക്ക് നോട്ടിസ് നൽകി. സി.പി.ഐ സംസ്‌ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്. അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസ് ‌സ്റ്റേഷനിലേക്ക് സി.പി.ഐ മാർച്ചും നടത്തി.

വൈക്കം നഗരത്തിൽ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സി.പി.ഐ, എ.ഐ.ടി.യു.സി പ്രവർത്തകർ തടഞ്ഞതാണു തുടക്കം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എം.എൽ.എ, എസ്.എച്ച്.ഒയെ ഫോണിൽ വിളിച്ച് ‌സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടും എസ്.എച്ച്.ഒ എത്തിയില്ലെന്നാണ് ആരോപണം. 'അവള്‍ അവിടെ ഇരിക്കട്ടെ. എനിക്കിപ്പോള്‍ സൗകര്യമില്ല' എന്ന് കെ.ജെ. തോമസ് സംഘർഷ സ്ഥലത്ത് വെച്ച് പറഞ്ഞതായും ഇവർ ആരോപിക്കുന്നു.

രണ്ടര മണിക്കൂർ ‌സ്റ്റേഷനിൽ താൻ കാത്തുനിന്നെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന ഡി.വൈ.എസ്‌.പി സിബിച്ചൻ തോമസ് മാന്യമായാണു സംസാരിച്ചതെന്നും എം.എൽ.എ പറയുന്നു. സി.പി.ഐ പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ എസ്.എച്ച്.ഒയെ ഇനി വൈക്കം സ്റ്റേഷനിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ, താൻ എം.എൽ.എയുമായി നേരിട്ടു സംസാരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്.എച്ച്.ഒ കെ.ജെ. തോമസ് പ്രതികരിച്ചു. സ്റ്റേഷനിലെത്തി എം.എൽ.എ ഡി.വൈ.എസ്‌.പിയുമായി സംസാരിക്കുമ്പോൾ താൻ ഡി.വൈ.എസ്‌.പിയുടെ കസേരയുടെ പിന്നിൽ നിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CK Asha MLA complaint against Vaikom SHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.