ഫാസ്ടാഗിലെ പണത്തെച്ചൊല്ലി തർക്കം: പാലിയേക്കര ടോൾ പ്ലാസയിൽ ഏറ്റുമുട്ടൽ

ആമ്പല്ലൂർ (തൃശൂർ): ഫാസ്ടാഗിലെ പണത്തെച്ചൊല്ലി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ടോൾ ജീവനക്കാരും ഏറ്റുമുട്ടി. നാല് ടോൾ ജീവനക്കാർക്കും മൂന്ന് യാത്രക്കാർക്കും പരിക്കേറ്റതായി പരാതി. ശനിയാഴ്ച പുലർച്ചയും രാവിലെ എട്ടരക്കുമാണ് രണ്ട് സമാന സംഭവങ്ങളിൽ യാത്രികരും ടോൾ ജീവനക്കാരും തമ്മിൽ വാക്കേറ്റവും തല്ലും നടന്നത്.

ഫാസ്ടാഗിൽ പണമില്ലെന്ന് ചൂണ്ടിക്കാട്ടി പുലർച്ച കോയമ്പത്തൂർ ഉക്കടത്തുനിന്ന് ആലപ്പുഴക്ക് കുടുംബവുമായി പോയ കാർ ടോൾ ജീവനക്കാർ തടഞ്ഞിട്ടു. ഇവരുടെ ടാഗിൽ ആവശ്യത്തിനുള്ള തുക ഇല്ലെന്നായിരുന്നു ടോൾ അധികൃതരുടെ വാദം. ഇരട്ടി തുക നൽകണമെന്ന് നിലപാടെടുത്തതിനെ തുടർന്നുനടന്ന വാക്കേറ്റം അടിയിൽ കലാശിക്കുകയായിരുന്നു. ഫാസ്ടാഗിൽ ആവശ്യത്തിന് തുക ഉണ്ടായിട്ടും വാഹനം തടഞ്ഞിട്ട് ജീവനക്കാർ അസഭ്യം പറഞ്ഞെന്നാണ് കാർ യാത്രക്കാരുടെ പരാതി.

ടോൾ ജീവനക്കാർ കൂട്ടമായെത്തി കമ്പികൊണ്ട് മർദിച്ചുവെന്ന് യാത്രക്കാരനായ ഫൈസൽ പറഞ്ഞു. ഇയാളുടെ സഹോദരനെയും മാതാവിനെയും സംഘം ചേർന്ന് മർദിച്ചതായും പറയുന്നു. പരിക്കേറ്റ ഇവർ തൃശൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, കാർ യാത്രക്കാരുടെ മർദനത്തിൽ നാല് ടോൾ ജീവനക്കാർക്ക് പരിക്കേറ്റതായി കമ്പനി അധികൃതർ പറഞ്ഞു. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ടോൾ അധികൃതർ പറഞ്ഞു.

Tags:    
News Summary - Clash at Paliyekara Toll Plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.