തിരുവനന്തപുരം: മലപ്പുറത്തെ വർഗീയ ചാപ്പകുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാർശം മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ പറഞ്ഞതിന്റെ തനിയാവർത്തനം. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചു ജയിക്കുന്നവരെന്നാണ് 2005ൽ പ്രതിപക്ഷ നേതാവായിരിക്കെ വി.എസ് ആക്ഷേപിച്ചത്. സംസ്ഥാന മെഡിക്കല്‍ എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷഫലം പ്രഖ്യാപിച്ച സമയത്തായിരുന്നു വി.എസിന്റെ വിവാദ പരാമർശം.
ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ കൂടി ജില്ലയായ മലപ്പുറത്തെ കുട്ടികൾ നേടിയ ഉയർന്ന വിജയശതമാനമാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിക്കാൻ വി.എസിനുണ്ടായ പ്രകോപനം. മലപ്പുറത്ത് കൂടുതൽ കുട്ടികൾ ജയിച്ചത് കോപ്പിയടിച്ച് നേടിയതാണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും വി.എസ് മുന്നോട്ടുവെച്ചു. പിന്നീട് മുഖ്യമന്ത്രിയായതിനു ശേഷവും വി.എസിൽനിന്ന് കൂടുതൽ മുസ്ലിം വിരുദ്ധമായ പരാമർശമുണ്ടായി. ‘‘20 കൊല്ലം കഴിയുമ്പോള്‍ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലിം ആക്കുക, മുസ്ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക, ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി''- വി.എസ് പറഞ്ഞു. 2010ൽ ഡൽഹിയിൽ വെച്ചാണ് ലവ് ജിഹാദിനെക്കുറിച്ച് വി.എസ്. അച്യുതാനന്ദന് ഇത്തരത്തിൽ വാചാലനായത്.
ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനും മലപ്പുറത്തിനെതിരെ വർഗീയ ആക്ഷേപം നടത്തിയിട്ടുണ്ട്. ‘‘മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണ്. അത് മത ന്യൂനപക്ഷ വർഗീയതയുടെ ശാക്തീകരണം വരുന്ന മേഖലയാണ്.’’- ഇതായിരുന്നു കടകംപള്ളിയുടെ വാക്കുകൾ. 2017ൽ മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.