തൃശൂർ: വോട്ടെണ്ണാൻ രണ്ടു ദിവസം മാത്രം ശേഷിക്കേ വോട്ടുമറിക്കൽ ആരോപണം. ലൈഫ് മിഷൻ വിവാദത്തിെൻറ ഫലവും ബി.ജെ.പി സംസ്ഥാനനേതാവ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിെൻറയും പ്രത്യേകതയിൽ സംസ്ഥാനമാകെ ഉറ്റുനോക്കിയതാണ് തൃശൂരിലെ തെരഞ്ഞെടുപ്പ്. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ മത്സരിച്ച കുട്ടൻകുളങ്ങര ഡിവിഷനിൽ വോട്ട് മറിച്ചുവെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞദിവസം ചാനൽ ചർച്ചയിലാണ് ഗോപാലകൃഷ്ണൻ സമീപകാലത്ത് സി.പി.എമ്മിൽ തിരിച്ചെത്തിയ സംസ്ഥാന നേതാവിെൻറ നേതൃത്വത്തിൽ തന്നെ തോൽപിക്കുന്നതിനായി 283 വോട്ടുകൾ യു.ഡി.എഫിന് മറിച്ചുവെന്ന് ആരോപണമുന്നയിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയുമായുള്ള വിഷയം ചർച്ചചെയ്ത ചാനൽ ചർച്ചയിൽ ഇടതുവലത് കൂട്ടുകെട്ടിനെ സൂചിപ്പിക്കാനായിട്ടായിരുന്നു ഗോപാലകൃഷ്ണെൻറ ആരോപണമെങ്കിലും വിവാദം പാർട്ടിക്കുള്ളിലും പുറത്തുമാണ് ചർച്ചയായത്.
ഗോപാലകൃഷ്ണൻ മത്സരിച്ച കുട്ടൻകുളങ്ങര ബി.ജെ.പിയുടെ സിറ്റിങ് ഡിവിഷനാണ്. 2015ൽ വലിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ഐ. ലളിതാംബിക വിജയിച്ചത്. അടിത്തറപോലുമില്ലാതിരുന്ന കുട്ടൻകുളങ്ങരയിൽ പിന്നീട് ബി.ജെ.പി വലിയ സംഘടനാ ശക്തിയാവുകയായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വൻ വോട്ടുവർധന നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്കും പോയ ഡിവിഷനാണ് ഇവിടെ. എഴുനൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ബി.ജെ.പി നേടിയത്.
സിറ്റിങ് കൗൺസിലർക്ക് സീറ്റ് നിഷേധിച്ച് ഗോപാലകൃഷ്ണന് സീറ്റ് നൽകിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിഷേധവുമായി ബി.ജെ.പിയിലെ ഒരുവിഭാഗം രംഗത്തുവന്നിരുന്നു. ഇവരുടെ വോട്ട് കുറയുന്നത് ലക്ഷ്യമിട്ടാണ് വോട്ട് മറിച്ചുവെന്ന ആരോപണം ഗോപാലകൃഷ്ണൻ ഉന്നയിച്ചതെന്നാണ് ഇവിടെ ബി.ജെ.പിയിലെ വിഭാഗം കരുതുന്നത്. തോൽവിക്ക് കാരണമായി തങ്ങളുടെ തലയിൽ വെക്കാനുള്ള നീക്കമാണിതെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കണക്കുകളും ഇവർ പുറത്തുവിട്ടു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 500 വോട്ടിന് താഴെയും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 700 വോട്ടിലധികം ബി.ജെ.പി ഭൂരിപക്ഷം നേടുകയും ചെയ്തതാണ് ഡിവിഷൻ. അങ്ങനെയെങ്കിൽ ഇടതുപക്ഷം ഇവിടെ വോട്ട് മറിച്ചാലും തോൽവി ഭയക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ ചോദ്യം. ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും അവരവരുടെ വോട്ടുകൾ സ്വന്തമാക്കിയാൽ ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നാണ് വിലയിരുത്തൽ. നൂറിലധികം വോട്ടുകൾക്ക് ഡിവിഷൻ സ്വന്തമാക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അതേസമയം, നേരിയ വോട്ടിന് ഡിവിഷൻ പിടിക്കുമെന്ന സാധ്യത സി.പി.എം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.