കാക്കനാട്: തെങ്ങോട് ഗവ.ഹൈസ്കൂളിൽ സഹപാഠികൾ നായ്ക്കരുണപ്പൊടി വിതറിയതുമൂലം വിദ്യാർഥിനിക്ക് അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെയും ഡി.ഇ.ഒ, എ.ഇ.ഒ ഓഫിസിലെയും ഉദ്യോഗസ്ഥരാണ് കുട്ടിയുടെ വീട്ടിലും സ്കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചത്.
അണുബാധയെത്തുടർന്ന് നടക്കാൻപോലും പറ്റാതെ വീട്ടിൽ വിശ്രമിക്കുന്ന കുട്ടിക്ക് എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ സഹായിയെ നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും സ്വന്തമായി എഴുതാനാണ് താൽപര്യമെന്ന് കുട്ടി അറിയിച്ചു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഉണ്ടായ സംഭവമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സ്കൂൾ അധികൃതർ വിശദീകരിച്ചത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതരും പൊലീസും കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.
ഫെബ്രുവരി മൂന്നിന് ഐ.ടി പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയപ്പോൾ സഹപാഠികളാണ് കുട്ടിയുടെ ദേഹത്ത് പൊടി വിതറിയത്. അസ്വസ്ഥത കൂടിയപ്പോൾ സഹപാഠികൾ തന്നെ പൊടി കഴുകിക്കളയാൻ പറഞ്ഞു. പെൺകുട്ടി ശുചിമുറിയിലെത്തി ശരീരവും വസ്ത്രവും കഴുകിയതിനിടെ നായ്ക്കരുണപ്പൊടി സ്വകാര്യഭാഗങ്ങളിലടക്കം പുരണ്ടിരുന്നു. ഏറെനേരം കഴിഞ്ഞാണ് അധ്യാപകർ വിവരമറിഞ്ഞത്.
കുട്ടിയുടെ അമ്മ മറ്റൊരു വസ്ത്രവുമായി സ്കൂളിലെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നെന്നാണ് വിമർശനം. തുടർന്ന് കുട്ടിയുടെ കുടുംബം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.