തൃശൂർ: വിൽപനശാലകൾക്ക് വൃത്തിയില്ലെന്ന ഉപഭോക്താക്കളുടെ പരാതി ഒടുവിൽ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) അധികൃതർ സമ്മതിച്ചു. വൃത്തിയോടെ കൊണ്ടുനടക്കാൻ ഓപറേഷൻ ശുചിത്വം പദ്ധതിയുമായി അധികൃതർ രംഗത്ത്. രണ്ടാഴ്ച നീളുന്ന ശുചീകരണ-നവീകരണ പ്രവർത്തനങ്ങളോടെ വിൽപനശാലകൾക്ക് പുതിയ മുഖം നൽകും. മേൽക്കൂരകൾ, ജനൽപാളികൾ, ഗ്ലാസുകൾ, കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പൊടിപടലങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കണം.
ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന റാക്കുകൾ വൃത്തിയായി സൂക്ഷിക്കണം. റാക്കുകളിൽനിന്ന് ആവശ്യമായ സാധനങ്ങൾ തെരഞ്ഞെടുക്കുന്നതിനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ നീങ്ങുന്നതിനും റാക്കുകൾക്കിടയിൽ നിശ്ചിത അകലവും ഒരുക്കണം. സാധനങ്ങൾ തറയിൽ അലക്ഷ്യമായി ഇടാതെ പ്ലാസ്റ്റിക് കുട്ടകളിലോ മറ്റോ ഭംഗിയായി അടുക്കി അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സൂക്ഷിക്കണം. എലികളുടേയും മറ്റു ജീവികളുടേയും ശല്യം ഒഴിവാക്കണം. ദിവസവും തുടച്ച് വൃത്തിയാക്കി മാത്രമേ വിൽപന തുടങ്ങാവൂ. ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനുകൾ, ബോർഡുകൾ മുതലായവ വൃത്തിയാക്കണം. ഉപഭോക്താക്കളോട് സൗമ്യമായി പെരുമാറി സാധനങ്ങൾ വാങ്ങാൻ അവരെ പ്രേരിപ്പിക്കണം. ഉപഭോക്താക്കൾ നിരന്തരം ഉന്നയിച്ചിരുന്ന വിഷയമാണ് അധികൃതർ ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.