തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.ആർ.ടി.സി, എം.ഡി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ച് വിവാദ പ്രസ്താവനകള്‍ മുഖ്യമന്ത്രി വിലക്കിയതായാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്കെതിരെ ബിജു പ്രഭാകര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഞ്ച് ശതമാനത്തോളം വരുന്ന തൊഴിലാളികളാണ് കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കരണങ്ങളെ തുരങ്കം വെക്കുന്നത്. ഇതിന് പിന്നാലെ തൊഴിലാളികളുമായി നടത്തിയ ഫേസ്ബുക്ക് ലൈവിലും അദ്ദേഹം സമാനമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
എം.ഡിയുടെ പ്രസ്താവനക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി പരസ്യ പ്രസ്താവന വേണ്ടെന്ന് ബിജുപ്രഭാകറിന് നിർദേശം നൽകിയത്. കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കരണങ്ങളില്‍ മാനേജ്‌മെന്‍റിനെതിരെ ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നതെന്നും ബിജു പ്രഭാകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
പരിഷ്‌കരണ നടപടികളില്‍ സര്‍ക്കാരിന്‍റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകര്‍ ഇന്ന് ഉച്ചക്ക് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം വൈകീട്ട് ബിജു പ്രഭാകര്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടെക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.