ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശം കേന്ദ്രസർക്കാരിനെ സുഖിപ്പിക്കാനാണെന്നും അതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ലെന്നും കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ. കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുവെന്ന് പറയുന്ന മുഖ്യമന്ത്രി അത് തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
“കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമർശം മാത്രമാണ് മുഖ്യമന്ത്രിയുടേത്. അഞ്ച് വർഷമായി കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇത് തടയാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറയണം. ഇന്‍റലിജൻസും സ്പെഷൽ ബ്രാഞ്ചും ഉൾപ്പെടെ പൊലീസിന്‍റെ എല്ലാ സംവിധാനവുമുണ്ട്. എന്നിട്ടും ഒന്നും ചെയ്തില്ല. എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമുണ്ട്. ജനങ്ങളെ വിഡ്ഡിയാക്കാനും കേന്ദ്രത്തിലെ ആളുകളെ സുഖിപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിത്. പ്രധാനമന്ത്രിയെ ഏറ്റവുമൊടുവിൽ കണ്ട ശേഷം മുഖ്യമന്ത്രി ഏറെ മാറിയിരിക്കുന്നു.
ഞങ്ങളാരും ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പാർട്ടി മൊത്തം പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഏറെ നാളായി നടന്നുവരുന്നുണ്ട്. ആ എരിതീയിലേക്ക് എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്. ഇതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ല” -കെ.സി. വേണുഗോപാൽ പറഞ്ഞു.
‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്രകാരമാണ്: ‘‘നാളുകളായി യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷം ഇപ്പോൾ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ട്. അത് യു.ഡി.എഫിന് നഷ്ടമുണ്ടാക്കുമെന്ന് മനസ്സിലാക്കി, ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായി ആർ.എസ്.എസിനെതിരെ, സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നെന്ന് വരുത്തിതീർക്കുകയാണ് ചെയ്യുന്നത്. അതിന് കൂട്ടുനിന്ന് വർഗീയ വിഭജനം നടത്താൻവേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളും പണിയെടുക്കുന്നു.
മുസ്ലിം തീവ്രവാദ ശക്തികൾക്കെതിരെ ഞങ്ങളുടെ സർക്കാർ നീങ്ങുമ്പോൾ ഞങ്ങൾ മുസ്ലിംകൾക്ക് എതിരാണ് എന്ന് വരുത്താൻ അവർ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, മലപ്പുറം ജില്ലയിൽനിന്ന് കേരള പൊലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാലപ്പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ്. ആർ.എസ്.എസിനോട് സി.പി.എമ്മിന് മൃദുസമീപനം എന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാറിനെതിരായ പ്രതികരണം മാത്രമാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.