തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസിെൻറ ശിപാർശയെ തുടർന്നാണ് നടപടി. നിലവിൽ ഇരിങ്ങാലക്കുട പൊലീസാണ് അന്വേഷിക്കുന്നത്. വൻ തുകയുടെ തട്ടിപ്പായതിനാൽ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ക്രൈംബ്രാഞ്ചിന് വിടണമെന്ന് തട്ടിപ്പിനിരയായവരും ആവശ്യപ്പെട്ടിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ ആറുപേർക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ജോയൻറ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.
ഇതിനിടെ സഹകരണ ബാങ്കിെൻറ അനുബന്ധ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ സ്റ്റോക്കെടുപ്പിലും മാസത്തവണ ചിട്ടിയിലും ക്രമക്കേട് നടന്നതായാണ് വിവരം. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പർ മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍ സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മാത്രം ഒന്നരക്കോടി രൂപയിലധികം കുറവുണ്ടെന്നാണ് കണ്ടെത്തല്‍. മാപ്രാണം, കരുവന്നൂര്‍, മൂർക്കനാട് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ല്‍ മാത്രം 1.69 കോടി തട്ടിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ബാങ്കിലെ കുറി നടത്തിപ്പില്‍ 50 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് ജോയൻറ് രജിസ്ട്രാറുടെ കണ്ടെത്തൽ.
മാസത്തവണ നിക്ഷേപ പദ്ധതിയില്‍ എല്ലാ ടോക്കണുകളും ഒരാള്‍ക്കുതന്നെ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. അനില്‍ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകള്‍ ഏറ്റെടുത്തു. ഇതില്‍ പകുതിയോളം വിളിച്ചെടുക്കുകയും മറ്റുള്ളവ ഈടുവെച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളില്‍ ബിനാമി ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിലെ ഭൂരിഭാഗം മാസത്തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിൽ ക്രമക്കേട് നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. 46 പേരുടെ ആധാരം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.