തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശപാത 14 മീറ്റർ വീതിയിൽ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പൊഴിയൂർ മുതൽ കോവളം വരെയുള്ള ഭൂമി ഏറ്റെടുക്കുന്നത് 916 കുടുംബങ്ങളെ ബാധിക്കും. 221 വീടുകൾ പൂർണമായും 27 വീടുകൾ ഭാഗിമായും പൊളിക്കേണ്ടിവരുമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഏജൻസിയുടെ കരട് റിപ്പോർട്ട്.
പൂവാർ, കുളത്തൂർ, കരിങ്കുളം, കോട്ടുകാൽ, വിഴിഞ്ഞം, വെങ്ങാനൂർ വില്ലേജ് പരിധിയിലായി 11.47 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 27 വ്യാപാര സ്ഥാപനങ്ങൾ പൂർണമായി പൊളിച്ചുനീക്കേണ്ടിവരുമ്പോൾ റോഡ് വികസനം ഭാഗികമായി ബാധിക്കുന്നവ 175 എണ്ണമാണ്. ഭാഗികമായി പൊളിക്കേണ്ടിവരുന്നവയിൽ ശേഷിക്കുന്ന ഭാഗം നിലനിർത്തി ഉപയോഗിക്കാൻ കഴിയാത്ത 90 കെട്ടിടങ്ങളും 112 കച്ചവട, സ്വയംതൊഴിൽ സംരംഭങ്ങളുമുണ്ട്.
63 കച്ചവട സ്ഥാപനങ്ങൾക്ക് പരിമിതമായ സ്ഥലസൗകര്യത്തോടെ പ്രവർത്തിക്കാനാവും. 131 വീടുകൾക്ക് തുടരുപയോഗം സാധ്യമാണ്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ, പെട്രോൾ പമ്പ്, ആരധാനാലയങ്ങൾ തുടങ്ങിയവയുമുണ്ട്. തീരപ്രദേശത്തെ ഏഴ് കളിസ്ഥലങ്ങൾ, സെമിത്തേരി എന്നിവയും അലൈൻമെന്റിൽ ഉൾപ്പെടുന്നു.
പൊഴിയൂർ മുതൽ കോവളം വരെയുള്ള റീച്ചിൽ 18.9 കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ആറു മുതൽ എട്ടുവരെ മീറ്റർ വീതിയിലാണ് നിലവിലെ തീരദേശപാത. ഇത് 14 മീറ്റർ വീതിയിലാണ് വികസിപ്പിക്കുക. ഒരു വശത്തുനിന്നോ അല്ലെങ്കിൽ ഇരുവശത്തുനിന്നോ ആവശ്യമായ ഭൂമി ഏറ്റെടുക്കാനാണ് നിർദേശം.
ഏഴ് മീറ്റർ വീതിയിൽ വാഹനങ്ങൾക്കുള്ള പാത, രണ്ട് വശങ്ങളിലും 0.75 മീറ്റർ വീതിയിൽ ഷോൾഡർ, 2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക് എന്നിവയാണ് പാതയിൽ വിഭാവനം ചെയ്യുന്നത്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ ഡ്രെയിനേജ് സൗകര്യവും ഉണ്ടാവും.
അതേസമയം, ഇതിൽ 5.5 കിലോമീറ്റർ ഭാഗത്ത് ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയുടെ അലൈൻമെന്റ് സൂചിപ്പിക്കുന്ന തരത്തിൽ കല്ലുകളോ അടയാളങ്ങളോ സ്ഥാപിക്കാത്തത് വിവരശേഖരണത്തിന് തടസമാവുന്നുവെന്നും പ്രദേശവാസികളുടെ എതിർപ്പുമൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം പാങ്ങോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്ററർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസാണ് പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ സാന്നിധ്യത്തിലുള്ള പൊതുചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
16ന് രാവിലെ 10.30നും ഉച്ചക്ക് 2.30നും വിഴിഞ്ഞം ഗവ. എൽ.പി സ്കൂളിലും 18ന് രാവിലെ 10.30ന് മുല്ലൂർ പനവിള ഗവ. യു.പി സ്കൂളിലുമാണ് ചർച്ച തീരുമാനിച്ചിട്ടുള്ളത്. റവന്യൂ അധികൃതരും കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുമടക്കം പങ്കെടുക്കും. പഠന റിപ്പോർട്ടിന്റെ കരട് ബന്ധപ്പെട്ട തദ്ദേശസ്ഥപനങ്ങളിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.