മുസ്‍ലിം ലീഗിൽ പിരിവ് ഇനി ഡിജിറ്റൽ

കോഴിക്കോട്: ഫണ്ട് വിവാദങ്ങൾ പ്രതിച്ഛായക്ക് മങ്ങലേൽപിച്ച മുസ്‍ലിം ലീഗിൽ ഇനി പണപ്പിരിവ് ഡിജിറ്റലായി. വെള്ളിയാഴ്ച കോഴിക്കോട് ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് വിപുലമായ ഫണ്ട് ശേഖരണം ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രം നടത്താൻ തീരുമാനിച്ചത്. ഇതിനായി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

റമദാനിലാണ് പാർട്ടി ഫണ്ട് ശേഖരണത്തിന് ഇറങ്ങുന്നത്. പൊതുജന ഫണ്ട് ശേഖരണവും പാർട്ടി പ്രവർത്തകർക്കിടയിലെ പിരിവും രണ്ടായാണ് നടത്തുക. ഇതിന്റെ മുന്നോടിയായി ജില്ല, മണ്ഡലം, പഞ്ചായത്ത്, ശാഖ കമ്മിറ്റികൾ മാർച്ച് 25നകം യോഗം ചേർന്ന് രൂപരേഖ തയാറാക്കും. മുഴുവൻ വീടുകളും സന്ദർശിച്ചാണ് ഫണ്ട് ശേഖരിക്കുക. ക്യു.ആർ കോഡുമായാണ് വീടുകൾ കയറുക. സംഭാവനകൾ മൊബൈലിൽ സ്കാൻ ചെയ്ത് സ്വീകരിച്ച ശേഷം രശീതി നൽകും. 'എന്റെ ലീഗിന് എന്റെ ഹദ്‍യ' എന്ന തലക്കെട്ടിലാകും പാർട്ടി പ്രവർത്തകർക്കിടയിലെ ഫണ്ട് ശേഖരണം. പാർട്ടി പത്രത്തിന്റെത് ഉൾപ്പെടെയുള്ള ബാധ്യതകൾ തീർക്കുകയാണ് മുഖ്യ ലക്ഷ്യം. പ്രവർത്തക സമിതി നടക്കുന്നതിനിടെ ലീഗ് ഹൗസിന് മുന്നിൽ 'ചന്ദ്രിക'യിൽനിന്ന് വിരമിച്ച ജീവനക്കാർ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയിരുന്നു.

പാർട്ടി ഫണ്ടുകൾ ചില വ്യക്തികൾ തന്നിഷ്ടപ്രകാരം ക്രയവിക്രയം നടത്തുന്നതിൽ വിമർശനം ഉയർന്നിരുന്നു. പാണക്കാട് മുഈനലി തങ്ങൾ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ ഉൾപാർട്ടി യോഗങ്ങളിൽ വിഷയം സജീവ ചർച്ചയായി. ഫണ്ട് ശേഖരണവും ചെലവഴിക്കലും സുതാര്യമാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം പ്രയോഗവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതുസംബന്ധിച്ച് മഞ്ഞളാംകുഴി അലി തയാറാക്കിയ പദ്ധതി ചില ഭേദഗതികളോടെ പ്രവർത്തക സമിതി അംഗീകരിക്കുകയായിരുന്നു. ഫണ്ട് ഒറ്റ അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യുന്നതിന് മലപ്പുറം ജില്ല ഓഫിസിൽ പ്രത്യേക സജ്ജീകരണം ഒരുക്കും. സംഘടനക്കകത്തെ പ്രശ്നങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയിൽ ഇതിനെ മറികടക്കാനുള്ള ഭേദഗതികൾ കൊണ്ടുവരും. തെരഞ്ഞെടുപ്പ് പരാജയത്തോടനുബന്ധിച്ച് സ്വീകരിച്ച അച്ചടക്ക നടപടികൾ ചില കേന്ദ്രങ്ങൾ പാലിക്കാത്ത വിഷയവും ചർച്ചയായി. വിഷയം പഠിച്ച് പ്രവർത്തക സമിതിയുടെ അംഗീകാരത്തോടെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും. 

Tags:    
News Summary - Collection in Muslim League is now digital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.