എരുമപ്പെട്ടി: കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ച് കയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. 12 പേർക്ക് പരിക്കേറ്റു. മങ്ങാട് അണ്ടേംകുന്ന് കോളനിയിൽ ശിവരാമന്റെ ഭാര്യ സരളയാണ് (45) മരിച്ചത്. ബസ് ഡ്രൈവർ അരിമ്പൂര്‍ വീട്ടില്‍ പോള്‍ (63), വിദ്യാര്‍ഥികളായ അമല്‍ (21), ജെസ്ലിന് (20), ദിവ്യ (35), ജ്യൂണ (26), കൃഷ്ണ (19), അമല്‍ (20), കൂട്ടത്തറ വീട്ടില്‍ ആര്യ (25), പാലിയേക്കര അലീന (25), തെക്കാനത്ത് വീട്ടില്‍ ജിഷ (38), ചിറയ്ക്കല്‍ പറമ്പില്‍ വീട്ടില്‍ ഷെഫിയാസ് (19), അധ്യാപകനായ കല്ലിടത്തില് വീട്ടില്‍ തങ്കപ്പന് (56) എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വടക്കാഞ്ചേരി ജില്ല ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 9.15നാണ് സംഭവം. ദേശമംഗലം മലബാർ എൻജിനീയറിങ് കോളജിന്റെ ബസ് കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ ‘പുഷ്പ’ ഹോട്ടലിലേക്കാണ് ഇടിച്ചു കയറിയത്. ഹോട്ടലിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജോലി ചെയ്തുകൊണ്ടിരുന്ന സരളയെ ഗുരുതര പരിക്കുകളോടെ വടക്കാഞ്ചേരിയിലെ ആക്ടസ് പ്രവർത്തകർ ജില്ല ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അജയ് റാം, അക്ഷയ് റാം.വടക്കാഞ്ചേരി ഭാഗത്തുനിന്നുള്ള വിദ്യാർഥികളുമായി കോളജിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്തെ സീറ്റുകളിൽ യാത്ര ചെയ്തവരാണ് പരിക്കേറ്റവരിൽ അധികവും. ഡ്രൈവർക്ക് തല ചുറ്റലുണ്ടായതാണ് അപകട കാരണമെന്ന് പറയുന്നു. പരിക്കേറ്റ ആറ് പേരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും മറ്റുള്ളവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരുമാണ് ആശുപത്രിയിലെത്തിച്ചത്. വടക്കാഞ്ചേരി പൊലീസ് മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.