തിരുവനന്തപുരം: ഒന്നരവർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം പഠന- സൗഹൃദാന്തരീക്ഷത്തിലേക്ക് ഉണർന്ന് കാമ്പസുകൾ. അധ്യാപകരും വിദ്യാർഥികളും കണ്ണുകളിൽ നോക്കി സന്തോഷം പങ്കുവെച്ചു. നിലച്ചുപോയ സൗഹൃദം പുതുക്കിയും ഒന്നാം വർഷക്കാർ പരസ്പരം പരിചയപ്പെട്ടും ആദ്യദിനം ആഹ്ലാദഭരിതമാക്കി. രണ്ടാം വർഷ വിദ്യാർഥികൾ നേരത്തേ േകാളജിൽ ചേർന്നവരാണെങ്കിലും കോവിഡ് കാരണം പരസ്പരം നേരിൽ കാണാത്തവരായിരുന്നു.
ഒാൺലൈൻ ക്ലാസിൽ മാത്രം പരിചയപ്പെട്ട സഹപാഠികൾക്ക് ആദ്യ ഒത്തുചേരൽ കൂടിയായിരുന്നു തിങ്കളാഴ്ചയിലെ കാമ്പസ് ദിനം. കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം ഉറപ്പാക്കാനും മാർഗനിർദേശങ്ങൾ പാലിക്കാനും കോളജുകളിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഭൂരിഭാഗം കോളജുകളിലും ഒന്നും രണ്ടും മൂന്നും വർഷ ബിരുദ ക്ലാസുകാർ തിങ്കളാഴ്ചതന്നെയെത്തി.
പി.ജി പ്രവേശന നടപടികൾ പൂർത്തിയാകാത്തതിനാൽ മിക്ക സർവകലാശാലകൾക്ക് കീഴിലെയും ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷ പി.ജി ക്ലാസുകൾ തുടങ്ങിയിട്ടില്ല. അവസാന വർഷ ബിരുദ, പി.ജി ക്ലാസുകൾ ഒക്ടോബർ നാലിന് തുടങ്ങിയിരുന്നു. സമ്പൂർണ അധ്യയനം ഒക്ടോബർ 18ന് തുടങ്ങാനിരുന്നത് മഴക്കെടുതി കാരണം 25ലേക്ക് മാറ്റുകയായിരുന്നു.
പി.ജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികൾക്കായും കൂടുതൽ കുട്ടികളുള്ള ബിരുദ ക്ലാസുകൾ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലുമായാണ് മിക്ക കോളജുകളും അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ നിർദേശിച്ച നാല് സമയക്രമങ്ങളിൽ ഒന്ന് സൗകര്യപ്രകാരം തെരഞ്ഞെടുത്താണ് അധ്യയനം. എൻജിനീയറിങ് കോളജുകളിൽ നിലവിലുള്ള രീതിയിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്താനാണ് അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.