എസ്.എഫ്.ഐ ആള്‍മാറാട്ടം: കോളജ് പ്രിന്‍സിപ്പല്‍ ഷൈജുവിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തിയ പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവിനെ സസ്പെൻഡ് ചെയ്തു. ഡോ. എൻ.കെ നിഷാദ് പുതിയ പ്രിൻസിപ്പലായി ചുമതലയേൽക്കും.

പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല കോളജ് മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. നടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കണമെന്നും ഇല്ലെങ്കിൽ കോളജിന്‍റെ അഫിലിയേഷൻ റദ്ദാക്കും എന്നും അറിയിച്ചിരുന്നു. ഇതോടെയാണ് മാനേജ്മെന്‍റ് കടുത്ത നടപടികളിലേക്ക് കടന്നത്. ഷൈജുവിനെ നേരത്തെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

ഡിസംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ (യു.യു.സി) സ്ഥാനത്തേക്ക് എസ്.എഫ്.ഐ പാനലിൽനിന്ന് ജയിച്ച അനഘ, ആരോമൽ എന്നിവരിൽ അനഘയുടെ പേരുവെട്ടി മത്സരരംഗത്തില്ലാതിരുന്ന എസ്.എഫ്.ഐ നേതാവ് കോളജിലെ ഒന്നാം വർഷം ബി.എസ്.സി വിദ്യാർഥി എ. വിശാഖിന്‍റെ പേര് തിരുകിക്കയറ്റി യൂനിവേഴ്സിറ്റിക്ക് നൽകുകയാണ് പ്രിൻസിപ്പൽ ചെയ്തത്.

വിശാഖിന്‍റെ താൽപര്യം പരിഗണിച്ചാണ് പ്രിൻസിപ്പൽ തിരിമറി നടത്തിയതെന്ന് യൂനിവേഴ്സിറ്റി രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മേയ് 26ന് നടക്കേണ്ട യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടം പുറത്തുവന്നതിന് പിന്നാലെ നിർത്തിവെച്ചിരുന്നു.

വിശാഖിനെ പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്ന് സി.പി.എം പുറത്താക്കുകയും ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം സ്ഥാനങ്ങളിൽനിന്ന് എസ്.എഫ്.ഐ നീക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - College principal suspended for college union election cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.