തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാക്കിയും അധ്യാപകർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാനുമുള്ള നിർദേശം മുന്നോട്ടുവെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കുവേണ്ടി കോളജ് പ്രവർത്തന സമയത്തിൽ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാക്കി ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവന്നാൽ അധ്യാപകർക്ക് സ്വന്തം ഗവേഷണത്തിനും സമയം കണ്ടെത്താനാകും. ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കുന്നതും ആലോചിക്കാം.
പുതിയ കരിക്കുലവും സിലബസും വരുമ്പോൾ അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കുമോ എന്ന ആശങ്ക വേണ്ട. നിലവിലുള്ള അധ്യാപകരെ ഉൾക്കൊണ്ടുതന്നെ കോഴ്സ് കോമ്പിനേഷൻ രൂപപ്പെടുത്താനാകും. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉപരിപഠനത്തിന് പോകാൻ നാലുവർഷ ബിരുദ കോഴ്സ് വേണമെന്നതിനാൽ കൂടിയാണ് അതിനുള്ള അവസരം ഒരുക്കുന്നത്. ഇന്‍റഗ്രേറ്റഡ് പിഎച്ച്.ഡി കോഴ്സുകൾ തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നൽകാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽനിന്ന് വിദ്യാർഥികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നെന്നതിൽ ഒരുപരിധിവരെ വസ്തുതയുണ്ട്. അധ്യാപകരുടെ ഏകാധിപത്യത്തിൽനിന്ന് ക്ലാസ് മുറികളെ മോചിപ്പിക്കണം. വിദ്യാർഥികൾക്ക് സർഗാത്മക പ്രകടനത്തിനുള്ള വേദി കൂടിയാകണം ക്ലാസ് മുറികൾ.
കോഴ്സ് കഴിഞ്ഞിറങ്ങുന്നവർ ചാവി കൊടുത്താൽ ഓടുന്ന പാവകളോ ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളോ ആയല്ല പുറത്തിറങ്ങേണ്ടത്. കോഴ്സുകളുടെ തെരഞ്ഞെടുപ്പിൽ കുട്ടികൾക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കണം. കോഴ്സ് ഇടക്കുവെച്ച് മുറിഞ്ഞുപോകുന്ന കുട്ടിക്ക് തിരികെ വരാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.