തൃശൂർ: കേരളത്തിൽ സ്കൂളുകളും കോളജുകളും രാവിലെ മുതൽ വൈകീട്ടു വരെ തുറന്നുപ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ട്രെയിനുകൾ ഇനിയും ട്രാക്കിലായില്ല. സാധാരണക്കാർക്ക് കീശ ചോരാതെ യാത്ര ചെയ്യാനാവുന്ന പാസഞ്ചർ ട്രെയിനുകൾക്കും മെമുവിനുമായി ഒരു വർഷത്തിലേറെയായി കാത്തിരിപ്പ് തുടരുകയാണ്. വിദ്യാർഥികൾക്ക് കൂടിയ നിരക്ക് ശിപാർശ ചെയ്തിട്ടുള്ള ബസ് ചാർജ് വർധനക്ക് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകവേ ഏറെ അവശ്യമാണ് ഇത്തരം ട്രെയിനുകൾ. കേരളത്തിനകത്ത് ഓടുന്ന ഹ്രസ്വദൂര, ഇന്റർസിറ്റി എക്സ്പ്രസുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.
എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതിനാൽ ഗ്രാമ പ്രദേശങ്ങളിലെ യാത്രക്കാരെ പോലും ആകർഷിക്കാനാവുന്നു എന്നതാണ് പാസഞ്ചറുകളുടെ സവിശേഷത. കേരളത്തിന്റെ രണ്ട് അറ്റത്തുനിന്നും മധ്യകേരളമായ തൃശൂരിലേക്ക് എത്താൻ സുഖയാത്ര ട്രെയിൻ മാർഗമാണ്. മാത്രമല്ല പാലക്കാട്, മലപ്പുറം, എറണാകുളം അടക്കം സമീപ ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് കുറഞ്ഞ ചെലവാണ്. പുലർച്ച 5.55ന് പുറപ്പെടുന്ന തൃശൂർ -കണ്ണൂർ പാസഞ്ചറും ട്രാക്കിൽ ഓടിയിട്ട് മാസങ്ങളായി.
എറണാകുളം -ഗുരുവായൂർ പാസഞ്ചർ, കോയമ്പത്തൂർ -തൃശൂർ പാസഞ്ചർ, ഗുരുവായൂർ -തൃശൂർ പാസഞ്ചർ ട്രെയിനുകൾ അടക്കം ട്രെയിനുകളും സർവിസ് നടത്തിയിട്ട് മാസങ്ങൾ പിന്നിട്ടു. അതിനിടെ ഷൊർണൂർ -എറണാകുളം മെമു ഒപ്പം പാലക്കാട് -എറണാകുളം മെമുവും സർവിസ് നടത്തി. ഷൊർണൂർ -എറണാകുളം, എറണാകുളം - ഷൊർണൂർ പാസഞ്ചറും ഓടിത്തുടങ്ങി.
ഗുരുവായൂർ -എറണാകുളവും ട്രാക്കിലുണ്ട്. എന്നാൽ, ഇവയെല്ലാം എക്സ്പ്രസ് ട്രെയിനുകളായാണ് ഓടുന്നത്. ഇതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഒരു ഗുണവും ഇവകൊണ്ട് ഇല്ല. അതിനിടെ നേരത്തേ പാസഞ്ചറായി സർവിസ് നടത്തിയ കോട്ടയം -നിലമ്പൂർ, ഗുരുവായൂർ -പുനലൂർ ട്രെയിനുകൾ സ്ഥിരമായി എക്സ്പ്രസ് ആക്കുകയും ചെയ്തു. സാധാരണക്കാരും സ്ഥിരം യാത്രക്കാരും ഏറെ ആശ്രയിക്കുന്ന ഇത്തരം ട്രെയിനുകളെ അവഗണിക്കുകയാണ് റെയിൽവേ മന്ത്രാലയം. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽവേ അധികാരികൾക്ക് പരാതി സമർപ്പിച്ചപ്പോൾ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാലേ സാധാരണ ട്രെയിനുകൾ സർവിസ് നടത്തുകയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെ ജനം മുട്ടാത്ത വാതിലുകളില്ല. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറും എം.പിമാരും വേണ്ട രൂപത്തിൽ ഇടപെടുന്നില്ല.
കുറക്കണം യാത്രക്കൂലി
കുറഞ്ഞ ചെലവിൽ പൊതു ഗതാഗതം സാധ്യമാവുന്നവർക്ക് ഏറെ അനുഗ്രഹമായിരുന്ന പാസഞ്ചർ ട്രെയിനുകൾ ഇല്ലാതായതോടെ യാത്രക്കൂലി കൂടി. പാസഞ്ചർ ട്രെയിനുകൾക്ക് മിനിമം ചാർജ് 10 രൂപയായിരുന്നു. എന്നാൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് 30 രൂപയാണ് മിനിമം ചാർജ്. 50 കിലോമീറ്റർ വരെയാണിത്. കുറഞ്ഞ കിലോമീറ്ററിൽ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ചെലവ് ഏറിയതാണ്.
ഇതിന് പകരം ദൂരം കുറച്ച് ചാർജ് കുറക്കുന്ന സംവിധാനം ഏർപ്പെടുത്തിയാൽ കുറഞ്ഞ ദൂരം യാത്രചെയ്യുന്നവർക്ക് അനുഗുണമായിരിക്കും കാര്യങ്ങൾ. ഇതിന് റെയിൽവേ മന്ത്രാലയം തുനിഞ്ഞാൽ വലിയ വരുമാനമാറ്റം വുകുപ്പിനുണ്ടാവും. ജനത്തിന് ഇത് അനുകൂലവുമാവും. അതേസമയം, പാസഞ്ചറുകളെ എക്സ്പ്രസ് ആക്കിയ നടപടി പിൻവലിക്കാതെ പോവുകയാണെങ്കിൽ കാര്യങ്ങൾ കുഴയുകയും ചെയ്യും. ഒപ്പം മുഴുവൻ ട്രെയിനുകൾക്കും ടിക്കറ്റ് മുൻകൂട്ടി രജിസ്റ്റർ ചെയ്തുതന്നെ വാങ്ങണമെന്ന നടപടിയും പിൻവലിച്ചേ മതിയാവൂ. എല്ലാ ട്രെയിനുകൾക്കും സാധാരണ ടിക്കറ്റ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കാതെ രക്ഷയില്ല.
ഇനിയും പുനഃസ്ഥാപിക്കാതെ സ്റ്റോപ്പുകൾ
നിലവിൽ ട്രെയിനുകൾ നിർത്താത്ത മുള്ളൂർക്കര, നെല്ലായി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചില്ല. പാസഞ്ചറുകൾ എക്സ്പ്രസ് ട്രെയിനുകൾ ആക്കിയെങ്കിലും നേരത്തേ സ്റ്റോപ് അനുവദിച്ചിരുന്ന സ്റ്റേഷനുകളിൽ ഇവ നിർത്തിയിരുന്നു. എന്നാൽ, സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിന് കരാർ നൽകിയിരുന്ന ഈ സ്റ്റേഷനുകളിലെ നടത്തിപ്പ് കരാർ അവസാനിച്ചതാണ് സ്റ്റോപ് ഇല്ലാതാവാൻ കാരണം. പുതിയ കരാർ നടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം വീണ്ടും ഈ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.